പത്തിരിപ്പാല-കോങ്ങാട് റോഡിൽ നടപ്പാത നിർമിക്കാൻ നടപടി
text_fieldsനടപ്പാത നിർമിക്കാനുള്ള സ്ഥലം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം അളന്ന് പരിശോധിക്കുന്നു
പത്തിരിപ്പാല: പത്തിരിപ്പാല-കോങ്ങാട് റോഡിൽ നടപ്പാത നിർമിക്കാൻ നടപടി. യാത്രക്കാർ നടക്കാൻ വഴിയില്ലാതെ ദുരിതമനുഭവിക്കുന്നത് ‘മാധ്യമം’ വാർത്തയാക്കിയതിനെ തുടർന്നാണ് നടപടി. കോങ്ങാട് റോഡിൽ സ്കൂളിന് ഓരം ചേർന്ന് 150 മീറ്റർ ദൂരമാണ് നടപ്പാത നിർമിക്കുന്നത്. ഹാൻഡിലോടെയാണ് നടപ്പാത നിർമാണം. ഇടുങ്ങിയ റോഡിൽ സ്കൂൾ വിട്ടാൽ വിദ്യാർഥികൾക്കും യാത്രക്കാർക്കും നടുറോഡാണ് ആശ്രയം. സ്കൂളിന് ചേർന്നുള്ള പാതയിലൂടെ ഒരു വശം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം യാത്രക്കാർക്കും വിദ്യാർഥികൾക്കും ഏറെ പ്രയാസം ഉണ്ടാക്കിയിരുന്നു. ടൗണിൽനിന്ന് സ്കൂൾ ഗേറ്റ് വരെയുള്ള 150 മീറ്ററാണ് നടപ്പാത നിർമിക്കുകയെന്ന് വാർഡംഗം എ.എ. ശിഹാബ് ‘മാധ്യമ’ത്തോട് പറഞ്ഞു. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ ചെലവിലാണ് നടപ്പാത ഒരുങ്ങുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്. മുത്തലി, വാർഡംഗം എ.എ. ശിഹാബ്, എ.ഇ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മാർച്ചിനകം നടപ്പാത പൂർത്തീകരിക്കും. നടപ്പാതയൊരുങ്ങുന്നതോടെ യാത്രക്കാരുടെയും വിദ്യാർഥികളുടെയും ദുരിതം മാറിക്കിട്ടും.