മങ്കരയിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
text_fieldsമാങ്കുറുശ്ശിയിൽ മാലിന്യം തള്ളുന്നതിനിടെ പിടികൂടിയ കാർ
പത്തിരിപ്പാല: സംസ്ഥാന പാതയിൽ മാലിന്യം തള്ളാനെത്തിയ വാഹനത്തെയും ഡ്രൈവറെയും മങ്കര പൊലീസ് കൈയോടെ പിടികൂടി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ വള്ളിക്കോട് കമ്പ പാറലോടി സ്വദേശി അബൂതാലിബ് (47), സഹായി മങ്കര കണ്ണമ്പരിയാരം പുന്നെകാട് സ്വദേശി കാളിദാസൻ(45) എന്നിവരെ മങ്കര പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് ഇവരെ പിടികൂടിയത്. സംസ്ഥാന പാതയിൽ മാങ്കുറുശ്ശിക്കും തേനൂർ ഓട്ടുകമ്പനിക്കും ഇടയിലുള്ള പാതവക്കിൽ കാറിലെത്തിച്ച ഹോട്ടൽ മാലിന്യം തള്ളുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.
നേരത്തെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുരേഷും ഇതിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ദിവസങ്ങളായി നാട്ടുകാരുടെയും പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു ഈ മേഖല.
കാറിന് പിൻവശത്തെ ഡിക്കിയിലാണ് മാലിന്യം ഒളിപ്പിച്ചിട്ടുള്ളത്. ഇരുവരെയും മങ്കര പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കാർ കോടതിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഡിക്കിയിൽ പൂർണമായും ഹോട്ടൽ മാലിന്യമാണെന്ന് പൊലീസ് അറിയിച്ചു. മങ്കര എസ്.ഐ ജഗദീശൻ, എ.എസ്.ഐമാരായ രജിത, ജയൻ, രാഗേഷ് എന്നിവർ നേതൃത്വം നൽകി.