മാലിന്യം തള്ളുന്നവർക്ക് പിടിവീഴും; നഗരിപ്പുറം ബൈപാസ് റോഡിൽ കാമറ സ്ഥാപിക്കൽ തുടങ്ങി
text_fieldsപത്തിരിപ്പാല: കാലങ്ങളായി മാലിന്യ കേന്ദ്രമായി മാറിയ നഗരിപ്പുറം കനാൽബൈപാസ് റോഡിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഓട്ടോമാറ്റിക് സിസ്റ്റം കാമറ സ്ഥാപിക്കാൻ നടപടിയായി. നഗരിപ്പുറം കനാൽ റോഡിലാണ് എട്ട് കാമറകൾ സ്ഥാപിക്കുന്നത്. വാഹനത്തിന്റെ നമ്പറടക്കം പതിയുന്ന ആധുനിക ഓട്ടോമാറ്റിക് സിസ്റ്റം കാമറകളാണ് സ്ഥാപിക്കുന്നത്.
കാമറ സ്ഥാപിക്കാൻ കാലുകൾ സ്ഥാപിക്കുന്ന നടപടി തുടങ്ങി. മണ്ണൂർ പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവിലാണ് കാമറ സ്ഥാപിക്കുന്നത്. കനാൽ റോഡിലെ മാലിന്യത്തെ കുറിച്ച് ‘മാധ്യമം’ നിരന്തരം വാർത്ത നൽകിയതിനെതുടർന്നാണ് നടപടി. രണ്ടാഴ്ചക്കകം കാമറ സ്ഥാപിക്കൽ പ്രവർത്തികൾ പൂർത്തികരിക്കും.
ഇതിനായി മണ്ണൂർ പഞ്ചായത്തിൽ മോണിറ്ററടക്കം സ്ഥാപിച്ച് കഴിഞ്ഞു. മൂന്ന് കീലോമീറ്റർ ദൂരത്തെ റോഡിൽ മാലിന്യം തള്ളുന്നവരെ അറിയാനാകും. പിടികൂടിയാൽ 10000 മുതൽ 25000 വരെ പിഴ ഈടാക്കും. 15 വർഷത്തോളമായി കനാലിലും റോഡിലും രാത്രികളിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു.
ദുർഗന്ധം മൂലം സമീപ വീട്ടുകാരും പ്രയാസത്തിലായിരുന്നു. കാമറ നിലവിൽ വരുന്നതോടെ ശാശ്വത പരിഹാരം ആകും. മണ്ണൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ കിഴക്കേകര റോഡിലും നാല് കാമറകൾ സ്ഥാപിക്കാനും നടപടിയായിട്ടുണ്ടന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, വാർഡംഗം എ.എ. ശിഹാബ്, ബ്ലോക് അംഗം പി.എസ്. അബ്ദുൽ മുത്തലി എന്നിവർ അറിയിച്ചു.