മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ഇല്ല; ദുരിതം പേറി ജനം
text_fieldsപത്തിരിപ്പാല: മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ശാഖ ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഭരണസമിതി കാലത്ത് ഒരുവർഷം വരെ സായാഹ്ന ഒ.പി പ്രവർത്തിച്ചിരുന്നു. എന്നാൽ, അതിനുശേഷം ഇന്നേവരെ ഒ.പി തുടങ്ങാനായിട്ടില്ല.
രണ്ടു ഡോക്ടർ ഉണ്ടെങ്കിലും നിലവിൽ ഉച്ചവരെ ഒ.പിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സായാഹ്ന ഒ.പി കൂടി അനുവദിച്ചാൽ തിരക്ക് ഏറെ കുറയും.
ഉച്ചക്കുശേഷം വരുന്ന രോഗികൾ പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. വർഷങ്ങളായിട്ടും കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ടെങ്കിലും ഇന്നേവരെ നടപടിയുണ്ടായിട്ടില്ല.
പുതിയ ഒരു ഡോക്ടറെ കൂടി നിയമിച്ച് സായാഹ്ന ഒ.പിയെങ്കിലും തുടങ്ങണമെന്നാവശ്യം ശക്തമാണ്. ചെറിയ പഞ്ചായത്തും ഫണ്ടിന്റെ അപര്യാപ്തതയുമാണ് ഒ.പി തുടങ്ങാൻ സാധിക്കാതെ പോയതെന്നും ഈവർഷംതന്നെ തുടങ്ങാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് എസ്. അനിത ‘മാധ്യമ’ത്തോട് പറഞ്ഞു.