ഞാവളിൻകടവ് മേൽപാലം കടലാസിലൊതുങ്ങി; തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികൾ
text_fieldsഞാവളിൻകടവ് ഭാരതപ്പുഴക്കരികിലുള്ള റെയിൽവേ കവാടത്തിലൂടെ കുനിഞ്ഞ് സഞ്ചരിക്കുന്ന യാത്രക്കാരൻ
പത്തിരിപ്പാല: ഒറ്റപ്പാലം, ആലത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന ഞാവളിൻകടവ് മേൽപാലത്തിന്റെ തുടർനടപടികൾ കടലാസിലൊതുങ്ങി. ഏകദേശം 17 വർഷം മുമ്പ് മേൽപാലത്തിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതാണ്. കർഷകരുടെ ഭൂമി ഏറ്റെടുക്കലുമായുള്ള പ്രശ്നത്തിനും ഇടക്കുവെച്ച് പരിഹാരം കണ്ടിരുന്നു. പ്രാഥമിക സർവേകളും കെങ്കേമമായി നടത്തി. ചിലയിടങ്ങളിൽ സർവേ കല്ലുകളും സ്ഥാപിച്ചു. ഇതൊക്കെ പൂർത്തിയാക്കിയിട്ടും അഞ്ചുവർഷമായി തുടർനടപടികളൊന്നും നടക്കാത്ത അവസ്ഥയിലാണ്. അധികൃതരുടെ അനാസ്ഥമൂലം മേൽപാലത്തിന്റെ നടപടികൾ പൂർണമായും നിലച്ചിരിക്കുകയാണ്. 17 വർഷം മുമ്പാണ് പാലത്തിനുള്ള നടപടികൾ ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു. സർവേ നടത്തി.
റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. പിന്നീട് ഒച്ചിന്റെ വേഗതയിലാണ് കാര്യങ്ങൾ നടന്നത്. ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും കാര്യമായ താൽപര്യം കാണിക്കുന്നില്ല. ജനങ്ങളുടെ യാത്രയാകട്ടെ നാൾക്കുനാൾ ദുരിതത്തിലുമാണ്. നിലവിൽ കാൽനടയായി യാത്ര ചെയ്ത് പുഴയും താണ്ടിയാണ് പെരുങ്ങോട്ട് കുർശ്ശിയിലെത്തുന്നത്. മഴക്കാലത്താണ് യാത്രദുരിതം ഏറെ. വെള്ളം ഉയർന്നാൽ ആറു മാസം ഈ വഴി പോകാൻ കഴിയില്ല. പകരം 15 കിലോമീറ്റർ ചുറ്റേണ്ടിവരും. തോണി ഉണ്ടെങ്കിലും അതിറക്കാൻ ആളില്ല. മേൽപാലം വന്നാൽ പത്തിരിപ്പാല, ലക്കിടി, കോങ്ങാട്, അമ്പലപ്പാറ, മണ്ണൂർ, മേഖലയിലെ ജനങ്ങൾക്ക് പെരുങ്ങോട്ടുകുർശ്ശി, കോട്ടായി മേഖലയിലെത്താൻ എളുപ്പമാകും. വാണ്യജ്യ രംഗത്തും വൻ കുതിച്ച് ചാട്ടം ഉണ്ടാകും. പത്തിരിപ്പാലയിൽനിന്ന് പെരുങ്ങോട്ടുകുർശ്ശിയിലേക്ക് നിരവധി യാത്രക്കാർ ഇപ്പോഴും കാൽനട യാത്ര ചെയ്യുന്നുണ്ട്.
പത്തിരിപ്പാലയിൽനിന്ന് മൂന്നര കിലോമീറ്റർ പോയാൽ അക്കരെയെത്താനാകും. പുഴപ്പാലം വരെ വാഹനങ്ങൾക്ക് എത്താനാകും. 300 മീറ്റർ നടന്ന് പുഴ കടന്നാൽ പെരുങ്ങോട്ട് കുർശ്ശിയിലെത്താനാകും. മത്സ്യവ്യാപാരികൾ, വിദ്യാർഥികൾ, അധ്യാപകർ, കർഷകർ, മറ്റു ജീവനക്കാർ ഇവരൊക്കെ തന്നെ ഇരുചക്രവാഹനങ്ങളിൽ സാഹസികമായി യാത്ര ചെയ്ത് പോയി വരാറുണ്ട്. പുഴക്കരികെയുള്ള റെയിൽവേയുടെ ഇടുങ്ങിയ കവാടം കടക്കാനാണ് പ്രയാസം. യാത്രക്കാർക്ക് കുനിഞ്ഞ് വരേണ്ട അവസ്ഥയാണ്. മേൽപാലത്തിന്റെ കാര്യത്തിൽ ആർക്കും വ്യക്തമായ മറുപടിയില്ല. കാലക്രമേണ കടലാസിതുങ്ങി പോകുമെന്ന അവസ്ഥയിലാണ് ഞാവളിൻ കടവ് മേൽപാലത്തിന്റെ സ്ഥിതി.


