കാത്തിരിപ്പിന് ഒന്നര പതിറ്റാണ്ട്; ഞാവളിൻ കടവ് മേൽപാലം എന്ന് വരും?
text_fieldsഅതിർകാട് ഞാവളിൻ കടവ്
പത്തിരിപ്പാല: കാത്തിരുന്ന് ഒന്നര പതിറ്റാണ്ടായിട്ടും ഞാവളിൻ കടവ് മേൽപാലത്തിന് ഒരു നടപടിയുമായില്ല. 2009ലായിരുന്നു പ്രാഥമിക നടപടികൾക്ക് തുടക്കം കുറിച്ചത്. നീണ്ട 15 വർഷത്തിനിടയിൽ മേൽപാലത്തിനായുള്ള പ്രാഥമിക നടപടികളൊക്കെ ഭാഗികമായി പൂർത്തിയാക്കിയെങ്കിലും പ്രവൃത്തികളൊന്നും തുടങ്ങാനായിട്ടില്ല. കഴിഞ്ഞ ജനുവരിയിലായിരുന്നു എം.എൽ.എ പ്രേംകുമാർ അടക്കമുള്ള ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമടക്കമുള്ളവർ അവസാനമായി സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചതോടെ പ്രവൃത്തികൾ വേഗത്തിലാകുമെന്നായിരുന്നു പ്രദേശത്തുകാരുടെ കണക്കുകൂട്ടൽ. എന്നാൽ, പിന്നീട് ഒന്നും തന്നെ സംഭവിച്ചില്ല.
15 വർഷത്തിനിടയിൽ ഭൂമി ലാൻഡ് മാർക്ക് ചെയ്ത് കൃഷിസ്ഥലങ്ങളിൽ കോൺക്രീറ്റ് ഫില്ലറുകൾ സ്ഥാപിച്ചു. തുടർന്ന് ഭൂമി തുരന്ന് പാറ ബലക്ഷയ പരിശോധനയും പൂർത്തിയാക്കി. 100 മീറ്റർ മണ്ണിട്ട് നികത്തിയ ശേഷം ബാക്കി കൃഷിസ്ഥലത്ത് ഫില്ലറിട്ട് ഉയർത്തി മേൽപാലം നിർമിക്കാനായിരുന്നു പദ്ധതി. ഞാവളിൻ കടവ് ഭാരതപ്പുഴക്ക് കുറുകെ 100 മീറ്ററും റെയിൽവേക്ക് മുകളിൽ 50 മീറ്ററും നീളത്തിലാണ് പാലം നിർമിക്കുക. ബാക്കി ഇരുഭാഗത്തും അപ്രോച്ച് റോഡും നിർമിക്കും. കൃഷിസ്ഥലം നശിക്കാതിരിക്കാനാണ് കോൺഗ്രീറ്റ് ഫില്ലർ ഉയർത്തി നിർമാണം.
പദ്ധതിക്കായി പെരുങ്ങോട്ടുകുർശി, ലക്കിടി പേരൂർ, പഞ്ചായത്തിലെ 33 കർഷകരുടെ കൃഷിസ്ഥലങ്ങൾ ഇതിനായി വിട്ടുനൽകിയിട്ടുണ്ടെന്നാണ് വിവരം. കൃഷിക്കാരുടെ ഭൂമി ഏറ്റെടുക്കാമെന്ന് നിയമസഭ കമ്മിറ്റി പ്രമേയവും പാസാക്കിയിരുന്നു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും പാലത്തിന് വേണ്ട ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കർഷകരും യാത്രക്കാരും പരാതിപ്പെടുന്നു. പാലം യാഥാർത്ഥ്യമായാൽ പത്തിരിപ്പാലയിൽ നിന്നും പെരുങ്ങോട്ട് കുർശി, കോട്ടായി പഞ്ചായത്തുകളിലെ യാത്രാക്കാർക്കും കച്ചവടക്കാർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടും. നിലവിൽ ഞാവളിൻ കടവ് തടയണയിലൂടെയാണ് യാത്രക്കാർ അങ്ങോട്ടുമിങ്ങോട്ടും സാഹസികമായിയാത്ര ചെയ്യുന്നത്. വർഷങ്ങളായുള്ള ഈ കാത്തിരിപ്പ് ഇനിയും എത്രനൂറ്റാണ്ട് തുടരണം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.