ചവിട്ടുപടികൾ തകർന്നു, കനാൽ വഴിയിൽ യാത്ര ദുരിതം
text_fieldsമണ്ണൂർ - ഒന്നാം മൈൽ കല്ലമ്പറമ്പിലേക്കുള്ള ചവിട്ടുപടികൾ തകർന്ന നിലയിൽ
പത്തിരിപ്പാല: കനാൽ മറികടന്ന് പോകാനുള്ള വഴിയിലെ ചവിട്ടുപടികൾ തകർന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. മണ്ണൂർ ഒന്നാംമൈൽ- കല്ലംമ്പറമ്പ് റോഡിലേക്ക് കനാൽ കടന്നുപോകാനുള്ള സഞ്ചാരവഴിയാണ് യാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയായത്. ഒന്നാംമൈൽ സ്വാമിയാർ മഠം, ഒന്നാം മൈൽ മദ്റസ, പള്ളി, എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പ വഴിയാണിത്. മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികൾ വീണ് പരിക്കേൽക്കുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം ഒരു സ്ത്രീ വീണ് പരിക്കേറ്റിരുന്നു. അരനൂറ്റാണ്ടിന് മുൻപ് നിർമിച്ച കരിങ്കല്ലുകൊണ്ടുള്ള ചവിട്ടുപടികളാണിത്. ചവിട്ട് പടികൾ തകർന്നതോടെ ജനങ്ങളുടെ യാത്ര ദുരിതമായിട്ടുണ്ട്. പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഈ വഴി സഞ്ചാരയോഗ്യമാക്കണമെന്നാണ് ജനകീയ ആവശ്യം.
ഇക്കാര്യത്തിൽ ഇറിഗേഷൻ വകുപ്പിനും മന്ത്രിക്കും പരാതി നൽകുമെന്ന് വാർഡംഗം വി.എം. അൻവർ സാദിക് പറഞ്ഞു. അനുമതിലഭിച്ചാൽ സ്വന്തം ചെലവിൽ വഴി സഞ്ചാരയോഗ്യമാക്കുമെന്നും വി.എം. അൻവർ സാദിക് അറിയിച്ചു.


