പത്തിരിപ്പാലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാർ വലയുന്നു
text_fieldsപത്തിരിപ്പാല ടൗണിൽ പാതയോരത്ത് ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ
പത്തിരിപ്പാല: പത്തിരിപ്പാല ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. പൊരിവെയിലത്തും മഴക്കാലത്ത് മഴ നനഞ്ഞുമാണ് പാതയോരത്ത് യാത്രക്കാരും വിദ്യാർഥികളും ബസ് കാത്തുനിൽക്കുന്നത്. അര നൂറ്റാണ്ട് പിന്നിട്ടിട്ടും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ അധികാരികൾ തയാറായിട്ടില്ല.
മണ്ണൂർ, മങ്കര, ലക്കിടി പേരൂർ പഞ്ചായത്തുകളുടെ സംഗമസ്ഥാനം കൂടിയാണ് പത്തിരിപ്പാല. പഞ്ചായത്തുകൾക്ക് നികുതിയിനത്തിൽ ഏറ്റവും കൂടുതൽ വരുമാനവും ലഭിക്കുന്നത് ടൗണിൽ നിന്നാണ്. ഗ്രാമപഞ്ചായത്ത് ഭരണസമിതികളും എം.എൽ.എമാരും ടൗണിനെ അവഗണിക്കുകയാണന്നാണ് യാത്രക്കാരുടെ പരാതി.
ദിനംപ്രതി 300ലേറെ സ്വകാര്യ ബസുകൾ വന്നുപോകുന്ന പ്രധാന ഇടം കൂടിയാണ്. ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് മൂലം യാത്രക്കാർ കടകൾക്ക് മുന്നിൽ നിൽക്കേണ്ട ഗതികേടിലാണ്. കോങ്ങാട് റോഡിലും ഒറ്റപ്പാലം റോഡിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത്. പുതിയ പഞ്ചായത്ത് ഭരണസമിതിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.


