വേമ്പനാട് കായൽ നീന്തിക്കടന്ന സംഘത്തിൽ 13കാരനായ പട്ടാമ്പിക്കാരനും
text_fieldsപട്ടാമ്പി: വേമ്പനാട് കായൽ നീന്തിക്കടന്ന സംഘത്തിൽ പതിമൂന്നുകാരനായ പട്ടാമ്പി സ്വദേശിയും. പട്ടാമ്പി കോടതിയിലെ അഭിഭാഷകൻ പെരുമുടിയൂർ സ്വദേശി മുഹമ്മദ് ഷഫീഖ്-ഡോ. തസ്‌നി ദമ്പതികളുടെ മകൻ മുഹമ്മദ് താബിഷ് ആണ് 184 അംഗ നീന്തൽ സംഘത്തിൽ ഉണ്ടായിരുന്നത്. ‘മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് വേമ്പനാട് കായലിലെ 2.4 കി.മീ. സംഘം നീന്തിക്കടന്ന്.
17 വർഷമായി ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിയുടെ ശിഷ്യരാണിവർ. ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം വൈക്കം ബീച്ചിലേക്കായിരുന്നു നീന്തൽ. ആറു മുതൽ 70 വയസ്സുവരെയുള്ള സംഘത്തിൽ 90ഓളം സ്കൂൾ കുട്ടികളും 50ഓളം വനിതകളും ഉണ്ടായിരുന്നു. ആലുവ ഗവ. ആയുർവേദ ഹോസ്പിറ്റലില്‍ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസറാണ് ഡോ. തസ്‌നി. മാതാവിനൊപ്പം താമസിക്കുന്ന താബിഷ് ആലുവയിലെ ഹോളി ഗോസ്റ്റ് കോൺവെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. പത്തു വയസ്സുകാരൻ സഹോദരൻ മുഹമ്മദ് തഹ്‌സിൻ പെരിയാർ നീന്തിക്കയാറാനുള്ള പരിശ്രമത്തിലാണ്.


