‘ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം’
text_fieldsപട്ടാമ്പി: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് താലൂക്ക് വികസനസമിതി യോഗം. ഡെങ്കിപ്പനി വർധിച്ചു വരുന്നതായി ചൂണ്ടിക്കാട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഹരിദാസാണ് മുന്നറിയിപ്പ് നൽകിയത്. റോഡ് നവീകരണ പ്രവൃത്തികൾക്കായി ടൗണിലെ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന് ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി ആവശ്യപ്പെട്ടു.
പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് പരിഹരിക്കുന്നതിൽ കാലതാമസം നേരിടുന്നതായി യോഗത്തിൽ പരാതി ഉയർന്നു. പൊട്ടിയ പൈപ്പുകൾ നേരയാക്കുന്നതുമായി ബന്ധപ്പെട്ടു തകർക്കങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യവും ഉയർന്നു.
വിളയൂർ-ചുണ്ടമ്പറ്റ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട ചർച്ചയും നടന്നു. റോഡുകളുടെ അഴുക്ക് ചാലുകളിൽ വെളളം കെട്ടി നിൽക്കുന്നത് മൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും ഇതിന് പരിഹാരം വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷമികുട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി.എം. സക്കറിയ, ഷറഫുദ്ദീൻ കളത്തിൽ, ജില്ല പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ, കുലുക്കല്ലൂർ പഞ്ചായത്ത് അംഗം എൻ.പി. സുധാകരൻ, തഹസിൽദാർ ടി.പി. കിഷോർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കൃഷ്ണകുമാർ, അഫ്സത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യേഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.