മദ്യപിച്ച് കാറോടിച്ച് അപകടം; ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്
text_fieldsപട്ടാമ്പി: മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് ബൈക്ക് യാത്രക്കാരനെ അപകടപ്പെടുത്തിയ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.പുലാശ്ശേരിക്കര കുന്നക്കാട്ടിൽ വീട്ടിൽ അബുബക്കർ സിദ്ദീഖിനെതിരെയാണ് (49) പട്ടാമ്പി പൊലീസ് കേസെടുത്തത്. മരുതൂർ കുമ്പൻകല്ലിൽ വെച്ചായിരുന്നു അപകടം. മരുതൂർ ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന ആൾട്ടോ കാറും വിപരീത ദിശയിൽ വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ നെല്ലിക്കാട്ടിരി വടക്കേ വെള്ളാടിക്കുന്ന് വെളുത്താടത്ത് പറമ്പിൽ വീട്ടിൽ അബ്ദുല്ലയുടെ മകൻ ഇബ്രാഹിമിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തിന്റെ ഇടതുകാൽ തുടയിലെ എല്ലിനും കൈവിരലിനും പൊട്ടലുണ്ട്.സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ കാർ ഡ്രൈവർ അബൂബക്കർ സിദ്ദീഖ് അമിതമായി മദ്യപിച്ചതായി ബോധ്യപ്പെട്ടു.തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇയാളുടെ വൈദ്യപരിശോധന പൂർത്തിയാക്കി.പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വധശ്രമത്തിനുള്ള വകുപ്പായ 110, മോട്ടോർ വാഹന നിയമം വകുപ്പ് 185 (എ) എന്നിവ പ്രകാരം കേസെടുത്തു. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.


