മാഞ്ഞാമ്പ്രയിൽ കർഷകക്കണ്ണീർ
text_fieldsമാഞ്ഞാമ്പ്രയിൽ കാട്ടുപന്നികൾ നശിപ്പിച്ച നെൽകൃഷി
പട്ടാമ്പി: കാട്ടുപന്നിയുടെ തേരോട്ടത്തിൽ കർഷക മനം കലങ്ങുന്നു. തിരുവേഗപ്പുറ പഞ്ചായത്തിലെ മാഞ്ഞാമ്പ്രയിൽ പന്നി നശിപ്പിച്ചത് വിളവെടുക്കാറായ അരയേക്കർ നെൽകൃഷി. പറനിറക്കുഴി സുഭാഷിന്റെ കൃഷിയാണ് നശിപ്പിച്ചത്. രണ്ടര ഏക്കറിലാണ് നെൽകൃഷിയിറക്കിയത്. നല്ല പരിപാലനം നടത്തി മികച്ച രീതിയിൽ വളർച്ചയെത്തിയ നെൽകൃഷി ഉഴുതുനിരപ്പാക്കിയ നിലയിലാണ്. മൂന്നാഴ്ച കൂടി മൂപ്പെത്തിയാൽ വിളവെടുക്കാമെന്നുള്ള പ്രതീക്ഷയാണ് തകർന്നത്.
നെൽകൃഷിയോടൊപ്പം മറ്റു വിളകളും കൃഷി ചെയ്യുന്ന സുഭാഷ് നേരത്തെ പച്ചക്കറി കൃഷി നടത്തിയതും പന്നികൾ നശിപ്പിച്ചിരുന്നു. ഒരിടവേളക്ക് ശേഷമാണ് നെൽകൃഷിയിലേക്ക് തിരിഞ്ഞത്. ശേഷിക്കുന്ന രണ്ടേക്കർ നെൽപ്പാടം സംരക്ഷിക്കാൻ കഴിയുമോ എന്ന് യാതൊരുറപ്പുമില്ലെന്ന് സുഭാഷ് പറഞ്ഞു. കൃഷി വകുപ്പിൽനിന്ന് നഷ്ടപരിഹാരം ലഭിക്കുമോ എന്നറിയാത്ത അവസ്ഥാണെന്നും വനം വകുപ്പിനെ സമീപിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോൾ പന്നികളെ വെടിവെച്ചു കൊല്ലാൻ നടപടിയെടുക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കൃഷി സംരക്ഷണത്തിന് യാതൊരു നടപടിയും ഇല്ലാത്തത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.