പട്ടാമ്പിയിൽ പന്നികളെ കൊല്ലാൻ വനം വകുപ്പ്
text_fieldsപട്ടാമ്പി: കാർഷിക വിളകൾക്കും മനുഷ്യജീവനും കൂടുതൽ ഭീഷണിയായതോടെ പന്നികളെ കൊല്ലാൻ വനംവകുപ്പ്. ജില്ലയിൽ ഏറ്റവും കൂടുതൽ പന്നികളുള്ളതും ശല്യമുള്ളതും പട്ടാമ്പി പരിധിയിലെ പഞ്ചായത്തുകളിലാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. വിളകൾക്കും മനുഷ്യജീവനും പന്നികളുടെ അക്രമം വർധിച്ചതോടെ വലിയ തുക വനംവകുപ്പിന് നഷ്ടപരിഹാരമായി നൽകേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് പന്നികളുടെ പെരുപ്പവും ശല്യവും കുറക്കാൻ പന്നികളെ കൊന്നൊടുക്കാൻ വനംവകുപ്പ് രംഗത്തിറങ്ങിയിട്ടുള്ളത്.
പഞ്ചായത്ത് തലത്തിൽ പന്നികളെ കൊല്ലാൻ പരിശീലനം നേടിയ തദ്ദേശീയമായ അഞ്ച് വീതം ഷൂട്ടർമാരുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി പന്നികളെ കൊല്ലാനാണ് വനംവകുപ്പ് തീരുമാനം. ഇതിനാവശ്യമായ മുഴുവൻ ചെലവുകളും വനം വകുപ്പ് വഹിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പ്രസിഡന്റുമാർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ യോഗം 16ന് ഉച്ചക്ക് 2.30ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ചേരും. വനം വകുപ്പ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ പാർട്ടിയിലെ ഡി.എഫ്.ഒ അനീഷ് ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.
കഴിഞ്ഞദിവസം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബ്ലോക്ക്തല കർഷക സഭയിൽ കാർഷികവിളകൾക്ക് പന്നികളുടെ ശല്യം ദോഷമായി ബാധിക്കുന്നതായി പരാതിയുണ്ടായിരുന്നു. പന്നി ശല്യം കുറക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സഭയിൽ ഉറപ്പു നൽകിയിരുന്നു. പന്നികളുടെ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വനംവകുപ്പിനോട് ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.