ഉപയോഗിക്കാത്ത വെള്ളത്തിന് വൻ തുക ബിൽ; ഇളവ് നൽകി മന്ത്രി
text_fieldsപട്ടാമ്പി: ഉപയോഗിക്കാത്ത വെള്ളത്തിന് 7612 രൂപ ബിൽ ലഭിച്ചെന്ന പരാതിയുമായാണ് പട്ടാമ്പി ഓങ്ങല്ലൂർ മോഹൻ നിവാസിൽ സി. അച്യുതൻ അദാലത്ത് വേദിയിൽ എത്തിയത്. 2021 മുതൽ 24 വരെയുള്ള കാലയളവിലെ തുക ഒഴിവാക്കി 6211 രൂപ ഇളവ് അനുവദിക്കാൻ മന്ത്രി എം.ബി. രാജേഷ് അദാലത്തിൽ നിർദേശിച്ചു.
2021 ജനുവരി 25 മുതൽ 2024 ഫെബ്രുവരി ഒമ്പത് വരെയുള്ള കാലയളവിൽ ഒരുമിച്ച് ബിൽ തുക നൽകിയിട്ടുള്ളതായി മന്ത്രി പരാതി പരിശോധിച്ചു കണ്ടെത്തി. 2024 നുശേഷം അതതു മാസങ്ങളിൽ ജല അതോറിറ്റി ബിൽ നൽകിയിട്ടുണ്ട്. വീട്ടുവളപ്പിൽ രണ്ട് കിണറും കുളവുമുള്ള അച്യുതൻ ജലക്ഷാമമുണ്ടാകുമ്പോൾ കരുതലിനായാണ് ഭാര്യ കെ.കെ. രുഗ്മിണിയുടെ പേരിൽ കുടിവെള്ള കണക്ഷൻ എടുത്തത്. എന്നാൽ കണക്ഷനിൽനിന്നുള്ള ജലം ഉപയോഗിച്ചിരുന്നില്ല. സാങ്കേതിക തകരാറാണ് കാരണമായതെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി. ജെ.ജെ.എം സ്കീമിൽ പാലക്കാട് പ്രൊജക്ട് ഡിവിഷനിൽനിന്നാണ് അച്യുതന് കണക്ഷൻ നൽകിയത്. പരാതിയിൽ പരിഹാരമായ സന്തോഷത്തോടെയാണ് അദ്ദേഹം മടങ്ങിയത്.