ഐ.സി.എ.സി ദേശീയ ബാലചിത്രരചന പുരസ്കാരം നീരവിന്
text_fieldsപുരസ്കാരം നേടിയ ചിത്രം. ഇൻസെറ്റിൽ നീരവ്
പട്ടാമ്പി: ഋഷികേശ് ഇന്ത്യൻ കമ്യൂണിറ്റി ഓഫ് ആർട്ട് ആൻഡ് കൾച്ചർ (ഐ.സി.എ.സി) കുട്ടികൾക്ക് വേണ്ടി നൽകി വരുന്ന ചിത്രകല പുരസ്കാരം നീരവ് വരച്ച ‘ജലാശയം’എന്ന ചിത്രത്തിന് ലഭിച്ചു. ജലത്തെ അടിസ്ഥാനമാക്കി വരച്ച ആയിരത്തോളം ചിത്രങ്ങളിൽ നിന്നാണ് ലാലാ പണ്ഡിറ്റ്, ബോഹല പ്രസാദ്, മുകുന്ദ് റാണ എന്നിവരടങ്ങിയ ജഡ്ജിങ് പാനൽ നീരവിന്റെ ചിത്രം തിരഞ്ഞെടുത്തത്.
ലോകജലദിനത്തിൽ ആറടി നീളത്തിൽ നീരവ് വരച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാരതപ്പുഴയെ അടിസ്ഥാനമാക്കി ഇരുപതോളം ചിത്രങ്ങൾ വരച്ചു. ഇതെല്ലാം വിലയിരുത്തിയാണ് നീരവിനെ അവാർഡിന് പരിഗണിച്ചത്. 25,000 രൂപയും സർട്ടിഫിക്കറ്റും മൊമ്മന്റോയും ഫെബ്രുവരി 15ന് ഋഷികേശിൽ വച്ച് സമ്മാനിക്കും. ഒമ്പത് വയസ്സിനുള്ളിൽ ആറായിരത്തോളം ചിത്രങ്ങൾ വരക്കുകയും പതിനൊന്നോളം ചിത്ര പ്രദർശനങ്ങളും നടത്തിയ നീരവിന്റെ ചിത്രങ്ങൾ കൊച്ചിൻ ബിനാലെയിൽ ചിൽഡ്രൻസ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പട്ടാമ്പി ജി.എം.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഗണേഷ് വേലാണ്ടിയുടെയും റവന്യൂ ജീവനക്കാരി സുനിതയുടെയും മകനാണ്.