ടെസ്റ്റ് ഡ്രൈവ് എന്ന വ്യാജേന ബൈക്ക് തട്ടിയെടുത്ത് മുങ്ങിയ പ്രതി അറസ്റ്റിൽ
text_fieldsമുനീർ
പട്ടാമ്പി: ഒ.എൽ.എക്സിൽ പരസ്യംചെയ്ത റോയൽ എൻഫീൽഡ് ബുള്ളറ്റ് വാഹനം ടെസ്റ്റ് ഡ്രൈവിന് എന്ന വ്യാജേന തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് തോട്ടുപാടം വീട് മുനീറാണ് (37) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൂരക്കോട് സ്വദേശിയുടെ വാഹനം ആഗസ്റ്റ് 15ന് രാത്രി എട്ടോടെയാണ് പ്രതി ഓടിച്ചുനോക്കാനായി കൊണ്ടുപോയത്. തിരിച്ചുവരാത്തതിനാൽ ഉടമ പൊലീസിൽ പരാതി നൽകി.
വല്ലപ്പുഴ മുതൽ വാഹനം പോയ കോഴിക്കോട് വരെയുള്ള നൂറുകണക്കിന് സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചും സമാനകേസുകളെക്കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടുപിടിച്ചത്.
അന്തർസംസ്ഥാന തൊഴിലാളികളുടെ പേരിൽ സിം കാർഡുകൾ എടുത്തശേഷം പരസ്യം കാണുന്ന വാഹനങ്ങളുടെ ആർ.സി ഓണർമാരെ ബന്ധപ്പെട്ട് ടെസ്റ്റ് ഡ്രൈവിന് വാഹനം വാങ്ങി മുങ്ങുന്ന രീതിയാണ് പ്രതിയുടേതെന്ന് പൊലീസ് പറഞ്ഞു. സമാനമായ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. പട്ടാമ്പി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. അൻഷാദ്, എസ്.ഐമാരായ കെ.എസ്. ഹരിദേവ്, എം. ഉദയകുമാർ, എസ്.സി.പി.ഒ ടി. റിയാസ്, സി.പി.ഒ ആർ. മിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.