പട്ടാമ്പി സമ്പൂർണ സ്മാർട്ട് വില്ലേജ് മണ്ഡലമാകുന്നു
text_fieldsപട്ടാമ്പി സ്മാർട്ട് വില്ലേജ് മണ്ഡലമാക്കുന്നത് സംബന്ധിച്ച് മന്ത്രി കെ. രാജനുമായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ ചർച്ച നടത്തുന്നു
പട്ടാമ്പി: സമ്പൂർണ സ്മാർട്ട് വില്ലേജ് മണ്ഡലത്തിലേക്കടുത്ത് പട്ടാമ്പി. സ്മാർട്ടാവാൻ ഇനി മണ്ഡലത്തിലെ ഒരു വില്ലേജ് മാത്രം. ഓങ്ങല്ലൂർ - 1 വില്ലേജ് ഓഫിസിനെ സ്മാർട്ടാക്കി മാറ്റാനായി തെരഞ്ഞെടുത്തതോടെയാണ് പട്ടാമ്പി ഈ നേട്ടം കൈവരിക്കുന്നത്. 45 ലക്ഷം രൂപയാണ് ഓങ്ങല്ലൂർ 1 വില്ലേജ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. നിലവിൽ ഒമ്പത് വില്ലേജ് ഓഫിസുകളാണ് മണ്ഡലത്തിലുള്ളത്. ഏഴും സ്മാർട്ടായി. ഓങ്ങല്ലൂർ 1ന് കൂടി ഫണ്ട് അനുവദിച്ചതോടെ ഇനി പട്ടാമ്പി വില്ലേജ് മാത്രമാണ് അവശേഷിക്കുന്നത്.
റവന്യൂ ടവർ യാഥാർഥ്യമാവുന്നതോടെ ഈ പ്രശ്നവും പരിഹരിക്കപ്പെടും. പൊട്ടിപ്പൊളിഞ്ഞും ചോർന്നും അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയും കഴിഞ്ഞിരുന്ന വില്ലേജ് ഓഫിസ് നവീകരണം മുഹമ്മദ് മുഹ്സിൻ എം.എൽ.എയായതോടെയാണ് തുടങ്ങിവെച്ചത്. ആദ്യ വർഷം തന്നെ ആസ്തിവികസന ഫണ്ടിൽനിന്ന് 99 ലക്ഷം രൂപ അനുവദിച്ച് കൊപ്പം വില്ലേജ് ഓഫിസിനെ ആധുനികവത്കരിച്ചിരുന്നു. ഓങ്ങല്ലൂർ 2, മുതുതല, കൊപ്പം, വിളയൂർ, കുലുക്കല്ലൂർ, തിരുവേഗപ്പുറ തുടങ്ങിയ വില്ലേജുകൾ പൂർണമായി നവീകരിക്കുകയും സ്മാർട്ട് വില്ലേജുകളാക്കി മാറ്റുകയും ചെയ്തു.
വല്ലപ്പുഴ വില്ലേജ് ഓഫിസ് നവീകരിച്ച് സജ്ജീകരണങ്ങളൊരുക്കി. മണ്ഡലത്തിലെ വില്ലേജ് ഓഫിസുകൾ മെച്ചപ്പെട്ട രീതിയിൽ നവീകരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് സാധ്യമാക്കിയ മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ, ഇപ്പോഴത്തെ മന്ത്രി കെ. രാജൻ എന്നിവർക്ക് പട്ടാമ്പിയുടെ നന്ദി അറിയിക്കുന്നതായും മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. ഓഫിസുകൾ സ്മാർട്ടാകുന്നതിനനുസരിച്ച് ഉദ്യോഗസ്ഥരും സ്മാർട്ടാവുകയും ജനങ്ങൾക്ക് വേഗത്തിൽ സേവനം എത്തിക്കുകയും വേണമെന്നും എം.എൽ.എ ഓർമപ്പെടുത്തി