പട്ടാമ്പി പാലം: പൈലിങ് പ്രവൃത്തി തുടങ്ങി
text_fieldsപട്ടാമ്പി പുതിയ പാലത്തിന് പൈലിങ് പ്രവൃത്തി തുടങ്ങുന്നു
പട്ടാമ്പി: പട്ടാമ്പിയിൽ പുതിയ പാലം നിർമാണത്തിന്റെ പൈലിങ്ങുമായി ബന്ധപ്പെട്ട പ്രവൃത്തികൾ തുടങ്ങി. നേരത്തെ നിർണയിച്ച പൈലിങ് പോയന്റുകളിലാണ് പ്രവൃത്തി തുടങ്ങിയത്. പട്ടാമ്പിയുടെ പ്രധാന ആവശ്യമായ പാലം എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സ്ഥലത്തെത്തിയ മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. ഇതോടൊപ്പം സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു വരുന്നു. കിഫ്ബി പദ്ധതിയായ പാലം രണ്ടു വർഷം കൊണ്ട് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം കേന്ദ്രമായ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയാണ് 33.14 കോടി രൂപക്ക് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) ആണ് നിർവഹണ ഏജൻസി.
നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ട്രാഫിക് ബ്ലോക്കിൽ ടൗൺ വീർപ്പുമുട്ടുകയാണ്. വൈകുന്നേരങ്ങളിൽ ഞാങ്ങാട്ടിരി മുതൽ മേലെ പട്ടാമ്പിവരെ ഇതിന്റെ പ്രത്യാഘാതമുണ്ടാകാറുണ്ട്. അടിക്കടിയുണ്ടായ പ്രളയങ്ങളിൽ ബലക്ഷയം നേരിട്ടുണ്ടാകാമെന്ന ആശങ്കയും പുതിയ പാലത്തിന്റെ സാക്ഷാത്കാരത്തിന് വേഗത കൂട്ടിയിട്ടുണ്ട്. ജനങ്ങളുടെയും രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെയും മുറവിളിയും മാധ്യമങ്ങളുടെ പിന്തുണയും നിർണായകമായി. പാലം വെറും വാക്കാണെന്ന പ്രചാരണത്തിന് പൈലിങ് പ്രവൃത്തി ആരംഭിച്ചതോടെ അവസാനമായി.