സന്തോഷ് ട്രോഫി ഫൈനൽ; പഞ്ചാബിനെ മടക്കിയത് മുഹമ്മദ് റിയാസിന്റെ ഇരട്ട ഗോൾ
text_fieldsമുഹമ്മദ് റിയാസ്
പട്ടാമ്പി: സന്തോഷ് ട്രോഫി ഫൈനലിലേക്ക് കേരളത്തെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് വിളയൂരിന്റെ പി.ടി. മുഹമ്മദ് റിയാസ്. വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ പഞ്ചാബിനെതിരെ കേരളത്തിനുവേണ്ടി മുഹമ്മദ് റിയാസ് നേടിയ രണ്ടു ഗോളുകളാണ് ടീമിന് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഇരട്ട ഗോളിലൂടെ സെമി ഫൈനലിൽ ‘പ്ലെയർ ഓഫ് ദി മാച്ച്’ പട്ടവും ഈ വിളയൂർ സ്വദേശി സ്വന്തമാക്കി.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റിയാസ് 33ാം മിനിറ്റിലും 83ാം മിനിറ്റിലുമാണ് ലക്ഷ്യം കണ്ടത്. ഈ സീസണിലെ സന്തോഷ് ട്രോഫിയിലെ റിയാസിന്റെ മികച്ച പ്രകടനമാണ് സെമിയിലെ ഇരട്ട ഗോൾ.
വിളയൂർ കണ്ടേങ്കാവ് ലക്കി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് താരമായി കളിക്കളത്തിൽ സജീവമായിരുന്നു റിയാസ്. മംഗളൂരു നേയപ്പോയ സർവകലാശാലയിലെ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരിക്കെ 2021ലാണ് ആദ്യമായി സന്തോഷ് ട്രോഫിയി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് കർണാടകക്കുവേണ്ടിയാണ് കളിച്ചത്.
2024ൽ കേരള സൂപ്പർ ലീഗ് മത്സരത്തിൽ കാലിക്കറ്റ് എഫ്സിക്കുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സന്തോഷ് ട്രോഫി കേരള ടീമിലേക്ക് വഴി തുറന്നത്. കഴിഞ്ഞവർഷം ഒരു ഗോൾ നേടുകയും നാല് ഗോളുകൾക്ക് വഴി തുറക്കുകയും ചെയ്ത് മുഹമ്മദ് റിയാസ് ശ്രദ്ധേയനായിരുന്നു. ആശാവർക്കർ കണ്ടേങ്കാവ് പാറക്കാട്ടതൊടി ഹസീനയുടെ മകനാണ്.


