‘ലോക്കി’ലമർന്ന് പട്ടാമ്പി
text_fieldsപട്ടാമ്പിയിൽ വ്യാഴാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
പട്ടാമ്പി: കഴിഞ്ഞ ദിവസം പട്ടാമ്പി ടൗണിൽ നെടുവീർപ്പുകളോടെ ജനം ചോദിച്ചു കൊണ്ടിരുന്നത് ഒന്ന് മാത്രം, എമ്മാതിരി ബ്ലോക്ക്, എജ്ജാതി പോക്ക്. പൊതുവെ കുഴി നിറഞ്ഞ് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര പലപ്പോഴും വലിയ ബ്ലോക്കാവുക പതിവാണ്. വ്യാഴാഴ്ച സ്ഥിതി പരമ ദയനീയമായിരുന്നു.
സ്വതവേ ദുർബല, ഇപ്പോൾ ഗർഭിണി എന്ന മട്ടിലായി ടൗണിലെ റോഡിലൂടെയുള്ള യാത്ര. നിലക്കാത്ത ബ്ലോക്ക് ഉണ്ടാക്കിയത് ഞാങ്ങാട്ടിരിയിൽ ആരംഭിച്ച റോഡ് നവീകരണമാണ്. പെരുമ്പിലാവ്-നിലമ്പൂർ റൂട്ടിൽ പട്ടാമ്പി-കൂറ്റനാട് പാതയിലെ ഞാങ്ങാട്ടിരി പെട്രോൾ പമ്പിന് സമീപമാണ് നവീകരണം തുടങ്ങിയത്. ആദ്യ ദിവസം തന്നെ അതിന്റെ കെടുതിയിൽ ജനം പൊറുതിമുട്ടി.
ഒരു മാസത്തേക്കാണ് ഭാഗിക നിയന്ത്രണം എന്നത് തീർത്തും ദുരിതമാകുമെന്ന് യാത്രക്കാർ പറയുന്നു. ഏറെ തിരക്കേറിയ പട്ടാമ്പി -പാലക്കാട്, പട്ടാമ്പി-പെരിന്തൽമണ്ണ റോഡുകളിൽ അനുഭവപ്പെട്ട കുരുക്ക് നീണ്ടുപോയതോടെ ബസുകളുടെ സമയക്രമം പാളി. പല ബസുകളും മേലെ പട്ടാമ്പിവരെ വന്നു തിരിച്ചു പോയി. കുരുക്കിൽപെട്ട ബസുകൾ സമയം വൈകിയതിനാൽ നിർത്താതെ പോവുമ്പോൾ പിറകെ ഓടി യാത്രക്കാരും തളർന്നു.
സ്റ്റോപ്പിൽ കാത്തു നിൽക്കുന്നവരെ കഷ്ടത്തിലാക്കി ബസുകൾ അൽപം വിട്ടു നിർത്തി ആളെ കയറ്റി പായുന്നത് മൂലം എവിടെ നിൽക്കണം എന്നറിയാതെയുള്ള നെട്ടോട്ടത്തിലായിരുന്നു യാത്രക്കാർ. ഇടക്ക് പെയ്യുന്ന മഴയാകട്ടെ വാഹനങ്ങളെയും പൊതുജനത്തെയും ഒരുപോലെ നരകിപ്പിച്ചുകൊണ്ടിരുന്നു.
വാടാനാംകുറുശ്ശി റെയിൽ ക്രോസിങ് ഭാഗത്ത് സർവിസ് റോഡ് നിർമാണത്തിനായി വെള്ളിയാഴ്ച മുതൽ പത്തു ദിവസം പട്ടാമ്പി ഷൊർണൂർ പാതയിലെ ഗതാഗതം പൂർണമായും നിരോധിച്ചത് കൂനിന്മേൽ കുരുവായിട്ടുണ്ട്. വല്ലപ്പുഴ ഭാഗത്തുകൂടി ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ടെങ്കിലും കുരുക്ക് മുരുകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.