Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightതദ്ദേശാവേശത്തിൽ...

തദ്ദേശാവേശത്തിൽ പട്ടാമ്പി പിടിക്കാൻ യു.ഡി.എഫ്

text_fields
bookmark_border
Representation image
cancel
camera_alt

പ്രതീകാത്മക ചിത്രം 

പട്ടാമ്പി: സെമിഫൈനൽ വിജയാവേശത്തിൽ പട്ടാമ്പി പിടിക്കാൻ യു.ഡി.എഫ്. ഇ.പി. ഗോപാലനും ഇ.എം.എസിനും ശേഷം 1991 മുതൽ 2001 വരെ രണ്ടുതവണ കെ. ഇസ്മായിലും (സി.പി.ഐ) 2001 മുതൽ 2016 വരെ മൂന്നു തവണ സി.പി. മുഹമ്മദും (കോൺ) നേടിയ തുടർവിജയമൊഴിച്ചാൽ ഇരുമുന്നണികളെയും മാറി മാറി തുണക്കുന്ന പാരമ്പര്യമായിരുന്നു പട്ടാമ്പി നിയമസഭ മണ്ഡലത്തിന്റേത്. ഇ.എം.എസും ഇ.പി. ഗോപാലനും പ്രതിനിധീകരിച്ച മണ്ഡലത്തിന്റെ ഇടത്തോട്ടും വലത്തോട്ടും ചായുന്ന സ്വഭാവത്തിൽതന്നെയായിരുന്നു ഇരുമുന്നണികളുടെയും പ്രതീക്ഷ.

മണ്ഡലം രൂപവത്കൃതമായ 1957ൽ ഇ.പി. ഗോപാലനാണ് പട്ടാമ്പിയിൽനിന്ന് നിയമസഭയിലെത്തിയത്. 1957 മുതൽ 1965 വരെ രണ്ടു ഘട്ടങ്ങളിലായി പട്ടാമ്പിയുടെ ജനപ്രതിനിധിയായ ഇ.പി. ഗോപാലനുശേഷം ഇ.എം.എസ് മൂന്നും നാലും കേരള നിയമസഭയിൽ 1967-‘70,1970-‘77 കാലഘട്ടങ്ങളിൽ പട്ടാമ്പിയെ പ്രതിനിധീകരിച്ചു. 1980ൽ എം.പി. ഗംഗാധരനിലൂടെ (കോൺ.) മണ്ഡലം വശത്താക്കി. 1982ൽ സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിൽ വീണ്ടും മണ്ഡലത്തെ ചുവപ്പിച്ചെങ്കിലും 1987ൽ ലീല ദാമോദരമേനോൻ (കോൺ.) തിരിച്ചു പിടിച്ചു.

1991ൽ കെ.ഇ. ഇസ്മായിൽ വീണ്ടും പട്ടാമ്പിയിൽ വിജയിച്ചു. 1996ൽ രണ്ടാമൂഴവും തികച്ച് ഇസ്മായിൽ ആദ്യമായി എൽ.ഡി.എഫിന് തുടർ വിജയവും സമ്മാനിച്ചു. എന്നാൽ 2001ൽ റവന്യൂ മന്ത്രിയായിരുന്ന ഇസ്മായിലിനെ കന്നിപ്പോരാട്ടത്തിൽ തോൽപിച്ച് സി.പി. മുഹമ്മദ്‌ പട്ടാമ്പിയിൽ കാലുറപ്പിച്ചു. പിന്നീട് സി.പിയുടെ തേരോട്ടത്തിനാണ് പട്ടാമ്പി സാക്ഷിയായത്. മൂന്നു തുടർജയങ്ങളുമായി 11, 12, 13 കേരള നിയമസഭയിൽ ജ്വലിച്ചുയർന്ന സി.പിയെ 2016ൽ വിദ്യാർഥിയായ മുഹമ്മദ്‌ മുഹ്സിൻ തളച്ചു. 2021ൽ മുഹ്സിന്റെ രണ്ടാം വരവിൽ കോൺഗ്രസിലെ റിയാസ് മുക്കോളിയും അടിയറവ് പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിർത്തുക എന്ന സി.പി.ഐ മാനദണ്ഡമനുസരിച്ച് മുഹ്സിന് സീറ്റ് ലഭിക്കാനിടയില്ല. മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്ന മുഹമ്മദ്‌ മുഹ്‌സിന് പകരം ആര് എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും പാർട്ടിക്ക് അനഭിമതനായ എം.എൽ.എക്ക്‌ സി.പി.ഐ പച്ചക്കൊടി കാണിക്കില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്. മുഹ്‌സിനെ മാറ്റി നിർത്തുമ്പോൾ മണ്ഡലം എളുപ്പത്തിൽ കൈപ്പിടിയിലൊതുക്കാമെന്ന യു.ഡി.എഫ് പ്രതീക്ഷക്ക് കരുത്തു പകരുന്നതാണ് തെരഞ്ഞെടുപ്പിലെ മിന്നുംജയം. പട്ടാമ്പി നഗരസഭ, തിരുവേഗപ്പുറ, കൊപ്പം, വിളയൂർ, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകളും ചേർന്നതാണ് പട്ടാമ്പി മണ്ഡലം.

ഇതിൽ തിരുവേഗപ്പുറ ഒഴികെ എൽ.ഡി.എഫാണ് ഭരിച്ചിരുന്നത്. വിളയൂർ, മുതുതല പഞ്ചായത്തുകളിലെ പതിറ്റാണ്ടുകളുടെ സി.പി.എം ആധിപത്യം തകർത്തു ചരിത്രജയമാണ് യു.ഡി.എഫ് നേടിയത്. പട്ടാമ്പി നഗരസഭയും കുലുക്കല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകളും തിരിച്ചു പിടിക്കാനും കഴിഞ്ഞു. ഓങ്ങല്ലൂർ നിലനിർത്തിയ എൽ.ഡി.എഫിന് കൊപ്പത്തെ ബലാബലവും മാത്രമാണ് കൈമുതൽ. വലിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്റെ തിരിച്ചു വരവ്. ഒരു മാറ്റത്തിനുള്ള ജനാഭിലാഷവും ഇടത് സർക്കാറിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന പ്രശ്നങ്ങൾക്കുള്ള സ്വീകാര്യതയുമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയമെന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് നേതാക്കൾ നിയമസഭ തെരഞ്ഞെടുപ്പ് തനിയാവർത്തനമാകുമെന്ന വിശ്വാസമാണ് പങ്കുവെക്കുന്നത്.

Show Full Article
TAGS:Kerala Local Body Election Election results victory celebration election victory UDF 
News Summary - UDF to seize Pattambi in the spirit of localism
Next Story