പട്ടാമ്പിയിൽ വിസ്മയം വിടരുമോ?
text_fieldsപട്ടാമ്പി: ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസിന്റെ തട്ടകമായാണ് രാഷ്ട്രീയ ചരിത്രത്തിൽ പട്ടാമ്പി കുറിക്കപ്പെട്ടിട്ടുള്ളത്. മൂന്നുതവണ ഇ.എം.എസിനെ വിജയിപ്പിച്ച ഈ വള്ളുവനാടൻ മണ്ഡലം 1957, 1960, 1977 തെരഞ്ഞെടുപ്പുകളിൽ ഇ.എം.എസിന്റെ സഹപ്രവർത്തകൻ ഇ.പി. ഗോപാലനെയും തുണച്ചു. പിന്നീട് പട്ടാളജീവിതം അവസാനിപ്പിച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങിയ കമ്യൂണിസ്റ്റ് കെ.ഇ. ഇസ്മയിലിന്റെ മണ്ഡലമായി പട്ടാമ്പി മാറി. ഇടക്കാലത്ത് എം.പി. ഗംഗാധരനും ലീല ദാമോദര മേനോനും മണ്ഡലത്തിൽ മൂവർണക്കൊടി പാറിച്ചെങ്കിലും സംസ്ഥാന റവന്യു മന്ത്രിയായായിരുന്ന കെ.ഇ. ഇസ്മയിലിനെ പട്ടാമ്പിക്കാരനായ സി.പി. മുഹമ്മദ് പരാജയപ്പെടുത്തിയതോടെയാണ് കോൺഗ്രസ് നിലയുറപ്പിച്ചത്. 2001, 2006, 2011 തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ അപരാജിതനായി സി.പി വിലസി. 2016ൽ സി.പി.ഐ ജെഎൻ.യു വിദ്യാർഥിയായ മുഹമ്മദ് മുഹ്‌സിനെ കളത്തിലിറക്കി സി.പി യുഗത്തിന് അന്ത്യം കുറിച്ച് പട്ടാമ്പിയുടെ പാരമ്പര്യം തിരിച്ചുപിടിച്ചു. മണ്ഡലത്തിൽ തിരുവേഗപ്പുറയൊഴികെ ഏഴു പഞ്ചായത്തുകളിലും മുഹ്‌സിൻ ഭൂരിപക്ഷം നേടിയത് ഐക്യമുന്നണിയുടെ കോട്ടകളെ വിറപ്പിച്ചു. 2016ൽ തിരുവേഗപ്പുറയിലും ലീഡ് നേടി മുഹമ്മദ് മുഹ്‌സിൻ രണ്ടാമൂഴത്തിന് തിളക്കം കൂട്ടി.
നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് പട്ടാമ്പി. സംസ്‌കൃത പണ്ഡിതൻ പുന്നശേരിയുടെ തട്ടകം, വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രവർത്തന മണ്ഡലം, ഉദ്ബുദ്ധകേരളം കോളനി പിറവിയെടുത്ത മണ്ണ്, ഇ.എം.എസിന്റെ വിഖ്യാതമായ ഓങ്ങല്ലൂർ പ്രഖ്യാപനത്തിന് കാതോർത്ത മണ്ണ്. എന്നാൽ, രാഷ്ട്രീയമായി ഇരു മുന്നണികളെയും മാറിമാറി തുണയ്ക്കാനും മണ്ഡലം മനസ്സ് കാണിച്ചിട്ടുണ്ട്.
1957ലെ ആദ്യ നിയമസഭയിൽ പട്ടാമ്പിയെ പ്രതിനിധീകരിച്ചത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇ.പി. ഗോപാലനായിരുന്നു. 1960, 1977 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും വിജയിച്ചത് ഇ.പി തന്നെ. 1967ൽ പട്ടാമ്പിയിൽനിന്ന് ജയിച്ച് മുഖ്യമന്ത്രിയായ ഇ.എം.എസ്. 1977ൽ ആലത്തൂരിലേക്ക് മാറിയപ്പോൾ യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച് സി.പി.ഐ നേതാവ് ഇ.പി. ഗോപാലൻ ഒരിക്കൽ കൂടി പട്ടാമ്പിയുടെ പ്രതിനിധിയായി. 1980ലാണ് ആദ്യമായി മണ്ഡലം കോൺഗ്രസിനോട് വിധേയത്വം കാണിച്ചത്. എം.പി. ഗംഗാധരനായിരുന്നു മാറ്റത്തിന് തുടക്കമിട്ടത്. മുന്നണി സമവാക്യത്തിലുണ്ടായ മാറ്റം സി.പി.ഐയെ ഇടതുമുന്നണിയിലെത്തിച്ചപ്പോൾ ഇടതു സ്ഥാനാർഥിയായി ജനവിധി തേടിയ ഇ.പിയെയാണ് എം.പി. ഗംഗാധരൻ തോൽപിച്ചത്. 1982ൽ പുതുമുഖമായ കെ.ഇ. ഇസ്മായിലിലൂടെ സി.പി.ഐ മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചു. 1987ൽ ലീല ദാമോദരമേനോനെ ഇറക്കി ഇസ്മായിലിൽനിന്ന് കോൺഗ്രസ് മണ്ഡലം വീണ്ടെടുത്തു. എന്നാൽ, 1991ലും 1996ലും നേടിയ തുടർ വിജയത്തിലൂടെ കെ.ഇ. ഇസ്മായിൽ പട്ടാമ്പിയെ ചുവപ്പിച്ചു. 2001ൽ അതികായനായ റവന്യു മന്ത്രി കെ.ഇ. ഇസ്മായിലിനെ അട്ടിമറിച്ച് സി.പി. മുഹമ്മദ് മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചു. 2006ൽ മണ്ഡലം വീണ്ടെടുക്കാൻ ഇസ്മായിൽ നടത്തിയ ശ്രമം സി.പി. മുഹമ്മദിന്റെ ജനസമ്മതിക്ക് മുന്നിൽ വീണുടഞ്ഞു.
2001ൽ 531 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചെടുത്ത സി.പി. മുഹമ്മദിന് 2006ൽ കെ.ഇ. ഇസ്മായിൽ ശക്തമായ വെല്ലുവിളി ഉയർത്തിയിട്ടും 566 വോട്ടിന്റെ ഭൂപരിപക്ഷത്തിൽ നിലയുറപ്പിക്കാൻ കഴിഞ്ഞു. 2010ൽ ഇസ്മായിലിന് പകരം കെ.പി. സുരേഷ്‌രാജ് മത്സരിച്ചപ്പോൾ സി.പിയുടെ ഭൂരിപക്ഷം പന്ത്രണ്ടായിരത്തിലേറെയായി വർധിച്ചു. 2015ൽ ജെ.എൻ.യു വിദ്യാർഥിയും കാരക്കാട് സ്വദേശിയുമായ സി.പി.ഐയുടെ വിദ്യാർഥി നേതാവ് മുഹമ്മദ് മുഹ്‌സിൻ സി.പിയുടെ അപരാജിത കുതിപ്പിന് തടയിട്ടു. 2021ലും മുഹമ്മദ് മുഹ്‌സിൻ പട്ടാമ്പിയെ മാറോടണച്ചു. മണ്ഡലത്തിന് വേണ്ടി മുസ്‍ലിം ലീഗ് അവകാശവാദമുന്നയിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിക്കൊടുവിൽ യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയെ പോരാട്ടത്തിനിറക്കിയപ്പോൾ മുഹമ്മദ് മുഹ്‌സിന്റെ ഭൂരിപക്ഷം മുൻ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയിലേറെയായി. പട്ടാമ്പി നഗരസഭയും ഓങ്ങല്ലൂർ, വല്ലപ്പുഴ, കുലുക്കല്ലൂർ, കൊപ്പം, വിളയൂർ, തിരുവേഗപ്പുറ, മുതുതല പഞ്ചായത്തുകളുമാണ് പട്ടാമ്പി മണ്ഡലത്തിലുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം കോട്ടകളായ വിളയൂരും മുതുതലയും തകർത്ത് യു.ഡി.എഫ് മുന്നേറി. ഓങ്ങല്ലൂർ മാത്രമാണ് എൽ.ഡി.എഫിന് സ്വന്തമാക്കാനായത്. ബലാബലത്തിലായ കൊപ്പത്ത് നറുക്കെടുപ്പിൽ സി.പി.എം അധികാരത്തിലെത്തി.
ടി.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയിൽ ഭരിച്ചിരുന്ന നഗരസഭയും വലിയ ഭൂരിപക്ഷത്തോടെ വലത്തോട്ട് ചാഞ്ഞു. ബി.ജെ.പി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ പാർട്ടികൾക്കും മണ്ഡലത്തിൽ വേരോട്ടമുണ്ട്.
പട്ടാമ്പി മണ്ഡലം വെച്ചുമാറുമോ?
പട്ടാമ്പി ഈ തവണ വെച്ച് മാറുമോ? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് മണ്ഡലത്തിനായി കഠിന പ്രയത്നം നടത്തിയെങ്കിലും അവസാനം കോൺഗ്രസ് തന്നെ മത്സരിക്കുകയായിരുന്നു. ലീഗിലെ എം.എ. സമദിന് വേണ്ടിയായിരുന്നു നീക്കം. ഇത്തവണ ലീഗ് മത്സരിക്കുമെന്നും ഒരു കാരണവശാലും കോൺഗ്രസ് വിട്ടുകൊടുക്കില്ലെന്നുമുള്ള പ്രചാരണം പ്രബലമാണ്. ജില്ലയിൽ വിജയസാധ്യതയുള്ള സീറ്റായാണ് പട്ടാമ്പിയെ മുസ്‍ലിം ലീഗ് പരിഗണിക്കുന്നത്. കോൺഗ്രസിനെ അപേക്ഷിച്ച് സ്വാധീനവും ലീഗിനാണെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിക്കുക കൂടി ചെയ്തതോടെ മണ്ഡലം ഉറപ്പിച്ച മട്ടിലാണ് മുസ്‍ലിം ലീഗ്. അതേസമയം, യൂത്ത് കോൺഗ്രസ് നേതാവും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുഹമ്മദ് മുഹ്‌സിന്റെ പ്രതിയോഗിയുമായ റിയാസ് മുക്കോളി പരാജയപ്പെട്ടിട്ടും സന്നദ്ധ സേവനപ്രവർത്തനങ്ങളുമായി പട്ടാമ്പിയിൽ തന്നെയുണ്ട്. ഇടതുപക്ഷത്ത് മുഹമ്മദ് മുഹ്‌സിൻ ഒരു തവണകൂടി മത്സരിക്കാനാണ് സാധ്യത. വികസന പ്രവർത്തനങ്ങളുടെ നീണ്ട പട്ടികയുമായി ജനങ്ങളിലേക്കിറങ്ങാനുള്ള കരുത്ത് പത്തു വർഷം കൊണ്ട് മുഹമ്മദ് മുഹ്‌സിൻ ആർജിച്ചിട്ടുണ്ട്. വിസ്മയം ഇടതോ വലതോ എന്ന് നാളുകൾക്കകം വ്യക്തമാകും.


