നടപ്പാതകളിൽ മൺകൂനകൾ; മണ്ണൂരിൽ ദുരിതംപേറി കാൽനട യാത്രക്കാർ
text_fieldsമണ്ണൂരിൽ നടപ്പാതകൾ മൺകൂനകളായി മാറിയപ്പോൾ
മണ്ണൂർ: പത്തിരിപ്പാല-കോങ്ങാട് പൊതുമരാമത്ത് റോഡിൽ യാത്രക്കാർക്ക് നടപ്പാതയില്ലാത്തിനാൽ ദുരിതംപേറി യാത്രക്കാരും വിദ്യാർഥികളും. റോഡ് ഓരംചേർന്ന് വരേണ്ട യാത്രക്കാർ നടുറോഡിലൂടെയാണ് യാത്ര. കാരണം ജലജീവൻ കുടിവെള്ള പദ്ധതിക്കായി എടുത്ത ചാലുകൾ ശരിയാംവിധം നികത്താത്തതാണ് കാൽ നടയാത്രക്കാരെ മാസങ്ങളായി ദുരിതത്തിലാക്കിയത്.
നാലുകിലോമീറ്റർ ദൂരം വരെ ഇതു തന്നെയാണ് അവസ്ഥ. പാതയോരം കീറിയശേഷം പൈപ്പിട്ട് മൂടിയെങ്കിലും ശരിയാംവിധം മണ്ണ് നികത്തിയിട്ടില്ല. നടക്കേണ്ട ഭാഗങ്ങളിൽ മൺകൂനയായതിനാൽ യാത്രക്കാർ നടുറോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥാണ്.
മണ്ണൂർ എ.യു.പി സ്കൂളിന് മുന്നിൽ പോലും വ്യാപകമായി മൺകൂന കാണാം. ഇവ നികത്താനോ മണ്ണ് നീക്കം ചെയ്യാനോ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല. മണ്ണൂർ യു.പി സ്കൂളിന് സമീപത്തെ മൺകൂനകൾ യാത്രക്കാർക്കും വിദ്യാർഥികൾക്കും ദുരിതമായിട്ടുണ്ട്. മാസങ്ങൾ പിന്നിട്ടിട്ടും മണ്ണ് നീക്കി കാൽ നടയാത്രക്ക് സൗകര്യം ചെയ്തിട്ടില്ല. സ്കൂൾ തുറക്കുന്നതിന് മുമ്പെങ്കിലും ഇതിന് ശ്വശത പരിഹാരം കാണണം. ആര് ആരോട് പറയും എന്ന അവസ്ഥയിലാണ് ഇപ്പോൾ.