കൂടുമാറി കളർ മാറി; പെരിങ്ങോട്ടുകുറിശ്ശി എന്നും വിവാദ പഞ്ചായത്ത്
text_fieldsപെരിങ്ങോട്ടുകുറുശ്ശി: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉറ്റുനോക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറുശ്ശി. 40 വർഷമായി കോൺഗ്രസിന്റെ കൈകളിൽ ഭദ്രമായ പഞ്ചായത്താണിത്. എന്നാൽ ഇത്തവണ പെരിങ്ങോട്ടുകുറുശ്ശിയുടെ അമരക്കാരനായ എ.വി. ഗോപിനാഥ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പോടെ പൂർണമായും കോൺഗ്രസ് വിട്ട് ഇടതു ചേരിയിലായതോടെയാണ് പെരിങ്ങോട്ടുകുറുശ്ശി ശ്രദ്ധാകേന്ദ്രമായത്.
എ.വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ ഒരു മാസം മുമ്പ് രൂപവത്കരിച്ച ഐ.ഡി.എഫും(ഇൻഡിപെൻഡന്റ് ഡെവലപ്മെന്റ് ഫ്രണ്ട്) സി.പി.എമ്മുമായി ധാരണയുടെ അടിസ്ഥാനത്തിൽ സീറ്റ് പങ്കുവച്ചാണ് 18 വാർഡുകളിൽ സ്ഥാനാർഥികളെ രംഗത്തിറക്കുക.
കോൺഗ്രസിനെ തളക്കാൻ 40 വർഷമായി എതിരാളിയായിരുന്ന സി.പി.എമ്മിനോടാണ് ഇത്തവണ എ.വി. ഗോപിനാഥും പാർട്ടിയും കൈകോർക്കുക. ഇത്തവണ സ്വതന്ത്ര പാർട്ടിയായതിനാൽ സ്വതന്ത്ര ചിഹ്നവും തേടേണ്ടിവരും. അതേസമയം ഇക്കാലമത്രയും എൽ.ഡി.എഫ് ഘടകകക്ഷിയായിരുന്ന സി.പി.ഐ സീറ്റ് നൽകാത്തതിനെ തുടർന്ന് മുന്നണിയിൽനിന്ന് വിട്ട് ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം.
ആകെ 18 സീറ്റുകളിൽ എ.വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഐ.ഡി.എഫിന് 11 സീറ്റും സി.പി.എമ്മിന് ഏഴ് സീറ്റും നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് സി.പി.ഐ പെരിങ്ങോട്ടുകുറുശ്ശി ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹൻദാസ് പറഞ്ഞു. സി.പി.ഐ ആറു സീറ്റിൽ സ്ഥാനാർഥികളെ നിർത്തുമെന്നും പറഞ്ഞു.


