പൈപ്പിടൽ പ്രവൃത്തികൾ നീളുന്നു: മണ്ണൂരിൽ മണ്ണ് തിന്നും ശ്വസിച്ചും യാത്രക്കാർ ദുരിതത്തിൽ
text_fieldsമണ്ണൂർ-പത്തിരിപ്പാല റോഡിൽ പൈപ്പിടാനായി എടുത്തചാലുകളിലെ മണ്ണ്
പത്തിരിപ്പാല: ജൽ ജീവൻ മിഷന്റെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ പാത കീറിയയോടെ കാറ്റിൽ ഉയരുന്ന പൊടിതിന്ന് യാത്രക്കാർ. കുടിവെള്ള പദ്ധതിക്കായാണ് റോഡിന്റെ വശങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കീറുന്നത്.
പത്തിരിപ്പാല-കോങ്ങാട് റോഡിൽ ഏകദേശം നാലു കിലോമീറ്ററോളം ദൂരമാണ് കീറുന്നത്. ചാലുകീറുന്നതോടെ ശക്തമായ കാറ്റിൽ മണ്ണ് പാറുന്നത് യാത്രക്കാർക്കും സമീപവീടുകൾക്കും കടകൾക്കും ദുരിതമായി മാറി.
മണ്ണ് മാന്തുന്നതോടെ ചാൽ ശരിയായ വിധത്തിൽ നികത്താത്തതും വീടുകൾക്ക് ദുരിതമായതായി പരാതിയുണ്ട്. ചാൽ ശരിയായി നികത്തി മണ്ണ് ഉയരാതിരിക്കാൻ വെള്ളം അടിക്കണമെന്നാണ് ജനകീയ ആവശ്യം. നിരവധി വീടുകൾ പൊടി കയറി മലിനമായിട്ടുണ്ട്.
യാത്രക്കാർക്ക് പൊടി ശ്വസിക്കുന്നത് മൂലം അലർജി പോലുള്ള രോഗങ്ങളും പിടികൂടി. മണ്ണ് പാറാതിരിക്കാൻ ടാങ്കറിൽ രണ്ടുതവണയെങ്കിലും വെള്ളം നനച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.