പോസ്റ്റ്മാൻ കൃഷ്ണമൂർത്തി സൈക്കിളിൽ എറണാകുളത്തേക്ക്; തപാൽ വഴിയിൽ ചിരിച്ചുനിന്ന കുറുമ്പിയെ കാണാൻ
text_fieldsസൈക്കിളിൽ എറണാകുളത്തേക്ക് പോകുന്ന പെരിങ്ങോട്ടുകുറുശ്ശി പോസ്റ്റ്മാൻ കൃഷ്ണമൂർത്തിയുടെ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധ മുരളീധരൻ
ഫ്ലാഗ് ഓഫ് ചെയ്യുന്നു
പെരിങ്ങോട്ടുകുറുശ്ശി: പതിറ്റാണ്ടുകളായി പെരിങ്ങോട്ടുകുറിശ്ശിയുടെ സ്നേഹവും സന്താപവും വിരഹവും ആശംസകളും അറിയിപ്പുമെല്ലാം എത്തിച്ച പോസ്റ്റ്മാൻ കൃഷ്ണമൂർത്തി ഇക്കുറി തെൻറ സൈക്കിളുമായി ദൂരയാത്ര പോവുകയാണ്. ഇക്കുറി സ്നേഹം പങ്കിടാൻ കൈയിൽ കത്തും കവറുമില്ലെന്ന് മാത്രം. തപാലുരുപ്പടികളുമായി പെരിങ്ങോട്ടുകുറിശ്ശിയിൽ സൈക്കിളിൽ കറങ്ങിയത് മാത്രമാണ് മുൻപരിചയം. എറണാകുളം വരെ 250 കിലോമീറ്റർ എങ്ങനെ സൈക്കിളുമായി പോകുമെന്ന് ചോദിച്ചാൽ ഹൃദയത്തിൽ സ്േനഹമുണ്ടെങ്കിൽ ഇതിനപ്പുറവും പോകാമെന്ന് പറയും കൃഷ്ണമൂർത്തി.
സ്ഥിരമായി തപാലുരുപ്പടികളുമായി പോകുന്ന വഴിക്ക് പുഞ്ചിരി തൂകിയിരുന്ന 10 വയസ്സുകാരി ഗുരുതര കരൾരോഗം ബാധിച്ച് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ആ കുഞ്ഞിനെ കാണണം, വീട്ടുകാർക്കൊപ്പം അൽപനേരമിരിക്കണം, അത്രയേ ഇൗ യാത്രക്ക് ലക്ഷ്യമുള്ളൂ. അത്രമേൽ നാടിനോട് ഇഴുകിച്ചേർന്ന കൃഷ്ണമൂർത്തിയെന്ന േപാസ്റ്റ്മാനോട് സംസാരിക്കുേമ്പാൾ ആ കണ്ണുകളിലെ തിളക്കം കാണാം, മനുഷ്യസ്നേഹത്തിെൻറ കുഞ്ഞുനക്ഷത്രങ്ങൾ.
വർഷങ്ങളായി ജോലിക്കുപയോഗിക്കുന്ന അതേ സൈക്കിളിൽ തന്നെയാണ് യാത്ര. പോകുന്ന വഴിയേ കണ്ടും കേട്ടുമറിഞ്ഞെത്തുന്നവർ നൽകുന്ന ചെറിയ സഹായങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കുടുംബത്തിനെത്തിക്കാനും ലക്ഷ്യമുണ്ട്. കൃഷ്ണമൂർത്തിയുടെ സൈക്കിളിലെ സ്നേഹയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധ മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് ഇ.പി. പൗലോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, നാട്ടുകാർ എന്നിവർ പിന്തുണയുമായെത്തി.