‘നമുക്ക് പറയാം’; പക്ഷേ, ഇപ്പോൾ വേണ്ട
text_fields‘നമുക്ക് പറയാം’ ശിൽപശാല ജില്ല പൊലീസ് മേധാവി ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ചിറ്റൂർ: പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധികൾ തുറന്ന് പറയാൻ സംഘടിപ്പിച്ച ‘നമുക്ക് പറയാം’ ശിൽപശാല ഒടുവിൽ കാര്യമായൊന്നും പറയാതെ പിരിഞ്ഞു. കേരള പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റി തസ്റാക്കിൽ സംഘടിപ്പിച്ച ശില്പശാലക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടാണ് സംഘാടകർ ‘തുറന്ന് പറയേണ്ടെ’ന്നും മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും പറഞ്ഞത്. യൂനിറ്റ് തലത്തിൽ ചർച്ച ചെയ്തതിനാലാണ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഈ കാര്യങ്ങൾ ഉന്നയിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് സംഘാടകർ അറിയിച്ചു. മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് വിവിധ ഡിവിഷനുകൾക്ക് എട്ട് വിഷയങ്ങൾ നൽകി അതിൽ ചർച്ച തുടരുകയായിരുന്നു.
2025ലെ പൊലീസ് സംവിധാനം എങ്ങനെയായിരിക്കണമെന്നതുൾപ്പെടെയുള്ളവ ചർച്ച ചെയ്തു. ക്രമസമാധാന പാലനവും അന്വേഷണവും വേർതിരിക്കുക, സബ് ഡിവിഷൻ തലത്തിൽ ഫിംഗർ പ്രിന്റ് ബ്യൂറോ ആരംഭിക്കുക, അന്വേഷണം നടത്തുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ലാപ്ടോപ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിക്കപ്പെട്ടു. ജില്ല പൊലീസ് മേധാവി ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ പി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. അഡീഷനൽ സൂപ്രണ്ട് എസ്. ഷംസുദ്ദീൻ, ആലത്തൂർ ഡിവൈഎസ്.പി ആർ. മനോജ് കുമാർ, അസോസിയേഷൻ ജില്ല സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, സി. സത്യൻ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.


