Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറെയിൽവേ ഡിവിഷൻ വിഭജനം;...

റെയിൽവേ ഡിവിഷൻ വിഭജനം; ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് മാർച്ചുകളിൽ സംഘർഷം

text_fields
bookmark_border
റെയിൽവേ ഡിവിഷൻ വിഭജനം; ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് മാർച്ചുകളിൽ സംഘർഷം
cancel

പാലക്കാട്: റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷനൽ ഓഫിസിലേക്ക്‌ നടത്തിയ മാർച്ചിൽ സംഘർഷം. ഗേറ്റ്‌ കടന്ന്‌ അകത്തേക്ക് കയറിയ പ്രവർത്തകരെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ നീക്കിയതാണ്‌ സംഘർഷത്തിനടയാക്കിയത്‌. വിലക്ക്‌ അവഗണിച്ച്‌ പ്രവർത്തകർ ഓഫിസിന് മുന്നിൽ ഉപരോധം നടത്തി.

ഓഫിസ് കവാടം ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെ അറസ്റ്റ് ചെയ്തു. നേതാക്കളുമായി നീങ്ങിയ പൊലീസ് വാഹനം ഡി.വൈ.എഫ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞു. തുടർന്ന് അറസ്റ്റിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷന് മുന്നിലേക്കും മാർച്ചും ധർണയും നടത്തി. റെയിൽവേയുടെ വികസന സാധ്യതകളെ തകർക്കുകയും കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാടിനും ഇതിനെതിരെ പ്രതികരിക്കാത്ത കോൺഗ്രസ് എംപിമാരുടെ നിലപാടിലും പ്രതിഷേധിച്ചായിരുന്നു സമരം. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് ഷിബി കൃഷ്ണ അധ്യക്ഷത വഹിച്ചു.

സി.പി.എം ഏരിയ സെക്രട്ടറിമാരായ കെ. കൃഷ്ണൻകുട്ടി, സി.ആർ. സജീവ്, ജില്ല കമ്മിറ്റി അംഗങ്ങളായ പി.എ. ഗോകുൽദാസ്, ടി.കെ. അച്യുതൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി. ഷഫീക്, എം. രൺദീഷ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. വിപിൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ആർ. ജയദേവൻ സ്വാഗതവും ട്രഷറർ എം.എ. ജിതിൻ രാജ് നന്ദിയും പറഞ്ഞു.

പാലക്കാട്: റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ആർ.എം ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. റെയിൽവേ മാനേജർ ഓഫിസിന്റെ മതിൽ ചാടിക്കടന്ന് കോമ്പൗണ്ടിലേക്ക് പ്രവേശിച്ച പ്രതിഷേധക്കാരെ പൊലീസും സി.ആർ.പി.എഫും ചേർന്ന് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ കടുത്ത വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിലായതോടെ പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പാലക്കാട് ഡിവിഷൻ വിഭജിക്കുന്നതിലൂടെ കേരളത്തിന് കനത്ത നഷ്ടമാണ് സംഭവിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. വിഭജനം നിലവിൽ വരുന്നതോടെ സംസ്ഥാനത്തിന് അർഹതപ്പെട്ട പുതിയ ട്രെയിനുകൾ, ദീർഘദൂര സർവിസുകൾ, ടിക്കറ്റ് ക്വാട്ട എന്നിവ കാര്യമായി നഷ്ടപ്പെടും. കൂടാതെ പാലക്കാട് ഡിവിഷനിൽ സേവനമനുഷ്ഠിക്കുന്ന മലയാളി റെയിൽവേ ജീവനക്കാരെ കർണാടകയിലേക്ക് സ്ഥലം മാറ്റേണ്ട സാഹചര്യവുമുണ്ടാകും. കേന്ദ്ര റെയിൽവേ മന്ത്രിയുടെ പോലും അറിവില്ലാതെ കർണാടകയിലെ ഏതാനും ബി.ജെ.പി നേതാക്കളുടെ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും പാർലമെന്റിൽ നേരത്തെ നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായ ഈ നടപടിയെ ശക്തമായി നേരിടുമെന്നും എം.പി കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്‌ കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജിതേഷ് നാരായണൻ, അരുൺകുമാർ പാലക്കുറിശ്ശി, ജില്ല ഭാരവാഹികളായ പി.ടി. അജ്മൽ, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂർ, വന്ദന, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജയശങ്കർ കൊട്ടാരത്തിൽ, നവാസ് മുഹമ്മദ്‌, വിനോദ് കളത്തൊടി, പദ്മകുമാർ ചിറ്റിലഞ്ചേരി, കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാർ, ഡി.സി.സി സെക്രട്ടറി എം.വി. രാധാകൃഷ്ണൻ, എ. സുരേഷ് എന്നിവർ സംസാരിച്ചു.

Show Full Article
TAGS:Palakkad Railway Division Protests DYFI Youth Congress 
News Summary - Protests Turn Violent in Palakkad as DYFI and Youth Congress March Against Railway Division
Next Story