കാഞ്ഞിക്കുളം വാഹനാപകടം; നോവോർമയായി ബിബിത്തും സുജിത്തും
text_fieldsപുലാപ്പറ്റ: കാഞ്ഞിക്കുളം വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞത് നാടിന്‍റെ പ്രതീക്ഷയായ രണ്ട് യുവാക്കളുടെതാണ്. പുലാപ്പറ്റ കോണിക്കഴി സ്വദേശികളായ ബിബിത്തും സുജിത്തുമാണ് ദേശീയപാതയിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. രണ്ടുപേരും ഡി.വൈഎഫ്.ഐ പ്രവർത്തകരും രണ്ട് കുടുംബങ്ങളുടെ അത്താണിയുമാണ്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് 10ഓടെയാണ് ഇവർ കോണിക്കഴിയിൽനിന്ന് ഒരേ ഓട്ടോയിൽ പുറപ്പെട്ടത്.
ഇരുവരും കുഴിമന്തി കഴിക്കാനായി കല്ലടിക്കോട് ഭാഗത്ത് പോയതാണ്. കല്ലടിക്കോട് ഹോട്ടലിൽ ഭക്ഷണം തീർന്നതോടെ യാത്ര മുണ്ടൂരിലേക്ക് നീട്ടി. ഈ രീതിയിൽ ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയിലാണ് ഇവർ സഞ്ചരിച്ച ഓട്ടോ അപകടത്തിൽ പെടുന്നത്. രണ്ട് യുവാക്കളും കുടുംബത്തിന്‍റെ അത്താണിയാണ്.
ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കോണിക്കഴി മദ്റസയിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് രണ്ടു പേരുടെ വീടുകളിൽ മൃതദേഹമെത്തിച്ചു.
സമൂഹത്തിലെ വിവിധ തുറകളിലുള്ള പൗരപ്രമുഖരും പ്രദേശവാസികളും അന്തിമോപചാരം അർപ്പിച്ചു. മൃതദേഹങ്ങൾ തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു.


