15 വർഷത്തെ കാത്തിരിപ്പിന് അറുതി; പുളിങ്കാവിൽ വൈദ്യുതിയെത്തി
text_fieldsപുലാപ്പറ്റ: 15 വർഷം പഴക്കമുള്ള പരാതിക്ക് നവകേരള സദസ്സിൽ നൽകിയ പരാതി പ്രകാരം പരിഹാരമായി. പുഞ്ചപ്പാടം-പുളിങ്കാവ് അയ്യപ്പക്ഷേത്രം വഴി വരുന്ന നാട്ടുവഴിയിൽ 100 മീറ്റർ നീളത്തിൽ ഇലക്ട്രിക് ലൈൻ വലിക്കുന്നതിന് കാൽനാട്ടി 15 വർഷത്തോളമായിട്ടും വൈദ്യുതി വിതരണത്തിനുള്ള ലൈൻ വലിച്ചിരുന്നില്ല. സന്ധ്യ മയങ്ങിയാൽ ഇരുട്ട് വ്യാപിക്കുന്ന ഉൾനാടൻ പ്രദേശത്ത് ഗ്രാമവാസികൾക്ക് വഴിവിളക്കില്ലാത്തതും ഏറെ പ്രയാസം ഉണ്ടാക്കിയിരുന്നു.
തട്ടേങ്ങാട് ഭാഗത്തേക്ക് പോകാനുള്ള ഒരേയൊരു വഴിയും ഇതുതന്നെയാണ്. ഇതുകാരണം രാത്രി ദുരിതം കൂടി.വൈദ്യുതി ലൈൻ വലിക്കുന്നതിന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വൈദ്യുതീകരണം നീണ്ടത്. രാമകൃഷ്ണൻ പുഞ്ചപ്പാടം ഒറ്റപ്പാലത്തുനടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി നൽകി ഒരാഴ്ചക്കം മറുപടിയും ലഭിച്ചു. ഒരാഴ്ചക്ക് മുമ്പ് വൈദ്യുതി ലൈൻ ഘടിപ്പിച്ച് പ്രശ്നം പരിഹരിച്ചതായി പരാതിക്കാരൻ പറഞ്ഞു.