പമ്പ് ഹൗസ് മോട്ടോർ മോഷണശ്രമം: മോഷ്ടാക്കളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി
text_fieldsപിരായിരി: പഞ്ചായത്തിലെ കുടിവെള്ള വിതരണപദ്ധതിയുടെ പമ്പ് ഹൗസിലെ മോട്ടോർ മോഷ്ടിച്ച് കടത്താനുള്ള ശ്രമം നാട്ടുകാർ കൈയോടെ പിടികൂടി. പൂടൂർ പുഴയിൽ പിരായിരി പഞ്ചായത്തിന്റെ അധീനതയിലുള്ള പമ്പ് ഹൗസിലെ മോട്ടോർ മോഷ്ടിച്ച് കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി കോട്ടായി പൊലീസിൽ ഏൽപിച്ചത്. മേപ്പറമ്പ് ഉണ്ണിരാംകുന്ന് വീട്ടിൽ സിക്കന്തർ ബാഷ (21), ചാവക്കാട് വലിയകത്ത് വീട്ടിൽ ബഷീർ (50) എന്നിവരാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം മാത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള ആനിക്കോട് പമ്പ് ഹൗസിൽ വെള്ളം തുറക്കാൻ പോയ പമ്പ് ഓപറേറ്റർ സുജിത്താണ് മോട്ടോർ മോഷ്ടിച്ച് കാറിൽ കടത്താൻ ശ്രമിക്കുന്നത് കണ്ടത്. ഉടനെ കോട്ടായി പൊലീസിൽ വിവരം അറിയിച്ചു. നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.