ശാരദ: ഭർത്താവിന്റെ താരപ്രഭയിൽ മയങ്ങാതിരുന്ന വള്ളുവനാട്ടുകാരി
text_fieldsഷൊർണൂർ: ഇന്ത്യയിലെ ഒരു നടന് ലഭിക്കാവുന്ന പരമാവധി ബഹുമതിയായ ഭരത് അവാർഡ് ഭർത്താവിന് ലഭിച്ചിട്ടും ആ താരപ്രഭയിലൊന്നും മയങ്ങാതെ തനി വള്ളുവനാട്ടുകാരിയായി കഴിയാനായിരുന്നു എന്നും ശാരദ ബാലൻ കെ.നായർ ആഗ്രഹിച്ചിരുന്നത്.
പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനേക്കാൾ കുടുംബാംഗങ്ങളുടെ ക്ഷേമവും കൃഷിപ്പണിയും നോക്കി ജീവിക്കുകയായിരുന്നു അവർ. രണ്ടാമത്തെ മകനായ മേഘനാഥൻ സിനിമയിൽ തിളങ്ങിയപ്പോഴും അവർക്ക് ആ രീതികൾ മാറ്റേണ്ടി വന്നില്ല. മേഘനാഥൻ തിരക്കൊഴിഞ്ഞ് വരുന്ന നേരത്ത് പാടത്തിറങ്ങി പണിയെടുക്കുമ്പോഴും അമ്മ അതിനെല്ലാം പിന്തുണയേകി.
ഇതിനിടെ മൂത്ത മകൻ അനിൽകുമാറും ഇളയ മകൻ അജയനുമൊക്കെ അഭ്രപാളിയിലും ടെലിവിഷൻ ചാനൽ നടത്തിപ്പിലുമൊക്കെ തിളങ്ങി. ഭൂരിഭാഗവും വില്ലൻ വേഷങ്ങൾ മാത്രം ചെയ്ത ബാലൻ. കെ. നായർ എന്ന നടനെ പല പ്രേക്ഷകരും ദേഷ്യത്തോടെ നോക്കിക്കണ്ടപ്പോൾ, സഹൃദയനും മനുഷ്യസ്നേഹിയുമായ ഭർത്താവിനെ അടുത്തറിയാമായിരുന്ന ശാരദ അവയെല്ലാം തള്ളിക്കളഞ്ഞു.
നിലമ്പൂർ പാസഞ്ചറിൽ കയറി വാടാനാംകുറിശ്ശി ഹാൾട്ട് സ്റ്റേഷനിൽ ട്രെയിനിറങ്ങി, റെയിൽപാതക്കരികിലൂടെ പാതക്കരികിൽ തന്നെ വീട്ടിലേക്ക് നടന്ന് പോകുന്ന താരപ്രഭ പേറാത്ത നടന് ഇതിലും നല്ലൊരു സഹധർമ്മിണി ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.