ആശുപത്രിയിൽ ചോർച്ച രൂക്ഷം; ആന്റിനേറ്റൽ വാർഡിലെ രോഗികളെ മാറ്റി
text_fieldsചോർച്ചയുള്ള ഭാഗത്ത് ബക്കറ്റുകൾ നിരത്തിവെച്ചിരിക്കുന്നു
പാലക്കാട്: കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ആന്റിനേറ്റൽ വാർഡിൽ ചോർച്ച രൂക്ഷമായതിനെ തുടർന്ന് രോഗികളെ വാർഡിന്റെ മറ്റൊരു വശത്തേക്ക് മാറ്റി. കെട്ടിടത്തിന്റെ ജോയിന്റിലുള്ള വിടവിലൂടെയാണ് വെള്ളം ഒഴുകി വരുന്നത്. മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡ്, രണ്ടാം നിലയിലെ ആന്റിനേറ്റൽ വാർഡ്, താഴെ നിലയിലെ ലേബർ റൂം എന്നിവിടങ്ങളിലും ചോർന്നൊലിക്കുകയാണ്.
ജീവനക്കാർ ബക്കറ്റുകൾ നിരത്തിയും തറയിലൊഴുകുന്ന വെള്ളം നിരന്തരം തുടച്ചു നീക്കുന്നതും മൂലമാണ് അപകടങ്ങളില്ലാത്തത്. ഷീറ്റിട്ടാൽ ചോർച്ചക്ക് പരിഹാരം കാണാൻ കഴിയുമെങ്കിലും വിഷയത്തെ ഗൗരവമായി സമീപിക്കാൻ സൂപ്രണ്ട് തയാറാവാത്തതാണ് കാരണമെന്നാണ് ആക്ഷേപം.
മഴയുടെ തുടക്കത്തിൽ തന്നെ ആശുപത്രി വികസന സമിതി അംഗങ്ങൾ വിഷയം സംബന്ധിച്ച് നൽകിയ സൂചന അവഗണിക്കുകയായിരുന്നു അധികൃതരെന്ന് പി.കെ മാധവ വാര്യർ, എ. രമേഷ് കുമാർ, ബോബൻ മാട്ടുമന്ത, പുത്തൂർ മണികണ്ഠൻ, സുന്ദരൻ കാക്കത്തറ എന്നിവർ ആരോപിച്ചു.