പിടികിട്ടാപ്പുള്ളി പിടിയിൽ
text_fieldsഅബ്ദുറഹിമാൻ
ഷൊർണൂർ: കഞ്ചാവു കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ തുടർച്ചയായി ഹാജരാകാതെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളിക്കുന്ന് പരുത്തിക്കാട് അമ്പലക്കണ്ടി അബ്ദുറഹിമാൻ (50) ആണ് പിടിയിലായത്. 2020 ഒക്ടോബർ 15ന് രാത്രി ഒമ്പതോടെ പട്ടാമ്പി റോഡിൽ വാടാനാംകുറിശ്ശിയിൽ കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ഇയാൾ പൊലീസ് പിടിയിലായത്.
കൈവശമുള്ള ബിഗ് ഷോപ്പറിൽനിന്ന് അഞ്ച് പൊതികളിലായി 10 കിലോ 360 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ താമസ സ്ഥലം മാറ്റി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ശേഷം ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. പ്രതി ഒളിവിൽ താമസിച്ച മലപ്പുറം ജില്ലയിലെ മേലാറ്റൂരിന് സമീപം വെട്ടത്തൂരിൽ ഭാര്യയോടൊത്ത് താമസിച്ചു വന്ന വാടക വീട്ടിൽനിന്ന് വ്യാഴാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊർണൂർ എസ്.എച്ച്.ഒ വി. രവികുമാർ, എ.എസ്.ഐമാരായ കെ. അനിൽ കുമാർ, ടി.പി. രാജീവ്, സി.പി.ഒ സജീഷ്, സബ് ഡിവിഷൻ ക്രൈം സ്ക്വാഡിലെ എസ്.സി.പി.ഒ മുരുകൻ, സഭാപതി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ വെള്ളിയാഴ്ച പാലക്കാട് ജില്ല സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.