കലാമണ്ഡലം സ്കൂൾ പ്രവേശനത്തിൽ അനിശ്ചിതത്വം
text_fieldsഷൊർണൂർ: കലാമണ്ഡലം സ്കൂളിലേക്ക് എട്ടാം ക്ലാസ് അപേക്ഷ ക്ഷണിക്കുന്നതിൽ തീരുമാനം വൈകുന്നു. ഏപ്രിലിൽ അപേക്ഷ ക്ഷണിച്ച്, മേയിൽ എഴുത്ത് പരീക്ഷയും അഭിരുചി കൂടിക്കാഴ്ചയും നടത്തിയാണ് ജൂണിൽ എട്ടാം ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. എന്നാൽ, ഈ വർഷം അപേക്ഷ ക്ഷണിച്ചിട്ടില്ല. നേരിട്ടും ഫോൺ മുഖേനയും നിരവധി പേരാണ് ഇക്കാര്യം അന്വേഷിക്കുന്നത്. അറിയിപ്പ് പിന്നീട് വരുമെന്നും അപ്പോൾ അപേക്ഷിച്ചാൽ മതിയെന്നുമാണ് കലാമണ്ഡലത്തിൽനിന്ന് നൽകുന്ന മറുപടി. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ പൂർണ തീരുമാനമെടുക്കൂവെന്നാണറിയുന്നത്. ഹോസ്റ്റലിന്റെ കാലപ്പഴക്കം കാരണം പൊളിക്കുകയാണെന്നും അതിനാലാണ് അപേക്ഷ ക്ഷണിക്കാതിരിക്കുന്നതെന്നുമാണ് കലാമണ്ഡലം അധികൃതർ പറയുന്നത്. എട്ടാം ക്ലാസിലേക്ക് പ്രവേശനം നടത്തിയില്ലെങ്കിൽ മൂന്നുവർഷംകൊണ്ട് ഹൈസ്കൂളും, അഞ്ചുവർഷംകൊണ്ട് ഹയർസെക്കൻഡറിയും ഇല്ലാതാകും.
കഴിഞ്ഞമാസം വള്ളത്തോളിന്റെ കുടുംബാംഗത്തെ പുറത്താക്കി ഭരണസമിതി പുനഃസംഘടിപ്പിച്ചിരുന്നു. 1930ൽ ആരംഭിച്ചെങ്കിലും 1990ൽ സാംസ്കാരിക മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനാണ് കലാമണ്ഡലത്തിൽ തുടങ്ങിയ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യം എട്ടാം ക്ലാസിലേക്കാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. തുടർ വർഷങ്ങളിൽ 9, 10 ക്ലാസുകളാരംഭിച്ചു. കേരളീയ കലകൾ അഭ്യസിപ്പിക്കുന്ന ഡിപ്ലോമ കോഴ്സുകൾ മാത്രമുണ്ടായിരുന്ന കലാമണ്ഡലത്തെ പടിപടിയായി ഔദ്യോഗിക വിദ്യാഭ്യാസംകൂടി ലഭിക്കുന്ന സ്ഥാപനമായി വളർത്തുകയെന്നതായിരുന്നു ലക്ഷ്യം. പിന്നീട് ഹയർ സെക്കൻഡറിയും ബിരുദ -ബിരുദാനന്തര കോഴ്സുകളും ഗവേഷണ വിഷയങ്ങളുമാരംഭിച്ചു.