ഷൊർണൂരിലെ റോഡ് പണി; ആരോപണങ്ങൾ തെറ്റെന്ന് എം.എൽ.എ
text_fieldsഷൊർണൂർ: ഷൊർണൂരിലെ പൊതുമരാമത്ത് റോഡുകളുടെ പണി തീർക്കാനാകാത്തത് കരാറുകാരുടെ വീഴ്ച മൂലമെന്ന് പി. മമ്മിക്കുട്ടി എം.എൽ.എ. റോഡുകളുടെ പണി മന:പ്പൂർവം പൂർത്തിയാക്കാതിരിക്കുകയാണെന്നും, ഇടക്കിടെ ലക്ഷങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി അതിൽ നിന്ന് കമ്മീഷൻ അടിച്ച് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉയർന്നിരുന്നു. ഇത്തരം അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെയാണ് എം.എൽ.എ വിശദീകരണവുമായി രംഗത്തെത്തിയത്.
എട്ട് കോടിയോളം രൂപയുടെ രണ്ട് പ്രവൃത്തികളാണ് ഷൊർണൂരിൽ വർഷങ്ങളോളമായി പൂർത്തിയാവാതെ കിടക്കുന്നത്. രണ്ട് പ്രവൃത്തികളും അറുപത് ശതമാനത്തോളം പൂർത്തിയായിരുന്നു. എന്നാൽ ഇവിടെ റോഡ് ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇത് ശരിയാക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഓണത്തിന് മുമ്പ് പണി പൂർത്തിയാക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.
എന്നാൽ, പലപ്പോഴായി ലക്ഷങ്ങളാണ് റോഡുകളിലെ കുഴികളടക്കാൻ മാത്രം ചെലവാക്കുന്നത്. അധികൃതരുടെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ചയാണെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശും എം.എൽ.എ യോടൊപ്പം കാര്യങ്ങൾ വിശദീകരിച്ചു.