വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ
text_fieldsസജിത്കുമാർ എസ്. പിള്ള
ഷൊർണൂർ: കുളപ്പുള്ളി കല്ലിപ്പാടം പറക്കുട്ടിക്കാവിനു സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ രണ്ടു പവൻ മാല കവർന്ന പ്രതി പിടിയിലായി. ആലപ്പുഴ കായംകുളം കൃഷ്ണപുരം അജന്ത ജങ്ഷനിൽ കലീക്കത്തറ വടക്കേതിൽ സജിത്കുമാർ എസ്. പിള്ള (38) എന്ന സച്ചുവാണ് അറസ്റ്റിലായത്.
2025 മേയ് 20നാണ് കേസിനാസ്പദമായ സംഭവം. പറക്കുട്ടിക്കാവ് ഭാഗത്ത് ബസിറങ്ങി നടന്നുപോകുകയായിരുന്ന വയോധികയെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഷൊർണൂർ ഇൻസ്പെക്ടർ വി. രവികുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.എസ്. ഡേവി, പി. സേതുമാധവൻ, കെ.ആർ. മോഹൻദാസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
പൾസർ ബൈക്ക് ആലപ്പുഴ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് കവർന്നതായിരുന്നു. വിശദ അന്വേഷണത്തിനൊടുവിൽ പ്രതി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിന്റെ പരിസരത്ത് ലോഡ്ജിന് സമീപം ഉണ്ടെന്ന് കണ്ടെത്തി. ലോഡ്ജ് വളഞ്ഞ ഷൊർണൂർ ഷാഡോ പൊലീസിനെ കണ്ട പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ സന്ധ്യ, എ.എസ്.ഐ അനിൽകുമാർ, എസ്.പി.ഒ ജി. സജീഷ്, എസ്.പി.ഒ റിയാസ് എന്നിവർ മൽപിടിത്തത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതിക്കെതിരെ ശാസ്താംകോട്ട, മാവേലിക്കര, പന്തളം, മാനന്തവാടി, ചിങ്ങവനം സ്റ്റേഷൻ പരിധികളിൽ സമാന രീതിയിലുള്ള കേസുകളുണ്ട്. ജില്ല പൊലീസ് മേധാവി ആർ. അജിത്ത് കുമാർ, ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിച്ചത്.


