കുളപ്പുള്ളി-പട്ടാമ്പി സംസ്ഥാന പാതയിൽ ഒഴിയാബാധയായി ഗതാഗതക്കുരുക്ക്
text_fieldsവാടാനാംകുറിശ്ശിയിലെ ഗതാഗതക്കുരുക്ക്
ഷൊർണൂർ: കുളപ്പുള്ളി-പട്ടാമ്പി സംസ്ഥാനപാതയിൽ വാടാനാംകുറിശ്ശി ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിയാബാധയായി തുടരുന്നു. വാടാനാംകുറിശ്ശി ഗവ.ഹയർ സെക്കൻഡറി സ്കൂളിനടുത്തുള്ള പാടത്തെ കലുങ്ക് നിർമാണമാണ് കുരുക്കിന് കാരണം.
മേൽപാലം നിർമാണം നടക്കുന്ന ഭാഗത്ത് സർവിസ് റോഡ് നിർമാണത്തിനായി ജൂലൈ 11 മുതൽ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. പത്ത് ദിവസത്തേക്ക് അടച്ച പാത തുറന്ന് കൊടുത്തത് 40 ദിവസത്തിന് ശേഷമാണ്. ഇതുതന്നെ ജനങ്ങളുടെ ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിലാണ്. ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നെങ്കിൽ 40 ദിവസം റോഡ് അടച്ചിട്ട സമയത്ത് കലുങ്കിന്റെ നിർമാണവും പൂർത്തീകരിക്കാമായിരുന്നു.
റോഡ് തുറന്നുകൊടുത്ത സമയത്ത് തന്നെ കലുങ്ക് നിർമാണം ആരംഭിക്കുകയും ചെയ്തു. ഇരുവശവും പാടമായതിനാലും റോഡ് വീതി കുറവായതിനാലും ഗതാഗത സ്തംഭനം ഉണ്ടാവുന്നു. ചിലപ്പോൾ കിലോമീറ്ററിലധികം വാഹനങ്ങളുടെ നിര കാണാം. റെയിൽവെ ഗേറ്റ് അടക്കുമ്പോൾ സ്ഥിതി രൂക്ഷമാകുന്നു. ഓണക്കാലമായതിനാൽ വാഹനഗതാഗതം കൂടുതലുമാണ്. ആംബുലൻസ് അടക്കം അത്യാവശ്യമായി പോകുന്ന വാഹനങ്ങളും വലയുകയാണ്.