ഗോത്ര നൃത്തങ്ങളിലെ പുതിയ ഉത്തരവിൽ തളർന്ന് വിദ്യാർഥികൾ
text_fieldsശ്രീകൃഷ്ണപുരം: ഗോത്ര നൃത്തങ്ങളിലെ പുതിയ ഉത്തരവ് മത്സരാർഥികളെയും അധ്യാപകരെയും ദുരിതത്തിലാക്കിയതായി പരാതി. ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം തുടങ്ങിയ ഇനങ്ങളിലാണ് ജില്ല കലോത്സവത്തിൽ വിദ്യാർഥികൾ മത്സരിക്കുന്നത്. ഉപജില്ല തലത്തിൽ 16 പേരാണ് ഗോത്ര നൃത്തങ്ങളിൽ പങ്കെടുത്തിരുന്നത്. എന്നാൽ, മത്സരം ജില്ലതലത്തിലേക്ക് വന്നപ്പോൾ 12 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു എന്ന നിർദേശമാണ് വിദ്യാർഥികളെയും അധ്യാപകരെയും വലച്ചത്.
ഉപജില്ല തലത്തിൽ മത്സരിച്ച് വിജയിച്ച 16 പേരിൽ നാല് പേർ ജില്ലതലത്തിൽ എത്തിയപ്പോൾ മാറി നിൽക്കേണ്ട അവസ്ഥ. 16 പേരിൽ ആരെ മാറ്റി നിർത്തുമെന്നറിയാതെ കുഴങ്ങുകയാണ് അധ്യാപകർ. പാട്ടിൽനിന്നും നൃത്തത്തിൽനിന്നുമായി നാല് കുട്ടികളെ മാറ്റുന്നത് പരിപാടിയെ മൊത്തത്തിൽ ബാധിക്കുന്നതായും അധ്യാപകർ പരാതിപ്പെടുന്നു. 12 ഉപജില്ലകളിൽ നിന്നായി 48 വിദ്യാർഥികളുടെ അവസരവും ഇതുമൂലം നഷ്ടപ്പെടും. പുതിയ സർക്കുലറിനെതിരെ വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ മന്ത്രി, ചൈൽഡ് ലൈൻ, എ.ഇ.ഒ എന്നിവർക്ക് പരാതി നൽകിയതായും അധ്യാപകർ പറഞ്ഞു.