ചോർന്നൊലിച്ച് അപകടാവസ്ഥയിൽ ഖാദി നെയ്ത്ത് കേന്ദ്രം
text_fieldsശോച്യാവസ്ഥയിലുള്ള ആറ്റാശ്ശേരിയിലെ ഖാദി കേന്ദ്രം
ശ്രീകൃഷ്ണപുരം: ചോർന്നൊലിച്ച് അപകടാവസ്ഥയിൽ ശ്രീകൃഷ്ണപുരം ആറ്റശേരി ഖാദി നെയ്ത്ത് കേന്ദ്രം ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 1984 ലാണ് കേന്ദ്രത്തിന് കെട്ടിടം പണിയുന്നത്.
40 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഇതുവരെ അറ്റകുറ്റപ്പണികൾ ചെയ്യാത്തതാണ് ശോച്യാവസ്ഥക്ക് കാരണം. നെയ്തിനും നൂൽ നൂൽപ്പിനുമായി രണ്ട് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ചോർന്നൊലിച്ച് മേൽക്കൂരയും വിണ്ടുകീറിയ ചുമരിലുമാണ് കെട്ടിടം നിലകൊള്ളുന്നത്.
മഴ പെയ്യുമ്പോൾ കേന്ദ്രത്തിലെ യന്ത്രങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയാണ്. ചുമരിൽനിന്ന് വൈദ്യുതാഘാതമേൽക്കുന്നതും പതിവാണ്. കെട്ടിടങ്ങൾക്ക് ചുറ്റും നിൽക്കുന്ന മരങ്ങളിൽ പലതും ജീർണിച്ച അവസ്ഥയാണ്. മഴപെയ്താൽ കേന്ദ്രത്തിനു മുന്നിൽ വെള്ളക്കെട്ട് പതിവാണ്. രണ്ട് കെട്ടിടങ്ങളിലായി 28 സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. അതേസമയം, 13 മാസമായി ഇവർക്ക് വേതനം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.