പ്രഭാത നടത്തത്തിനിറങ്ങിയ ആളെ തെരുവുനായ് കടിച്ചു
text_fieldsനായുടെ കടിയേറ്റ കല്യാണ കൃഷ്ണൻ
ശ്രീകൃഷ്ണപുരം: ഞായറാഴ്ച പ്രഭാത നടത്തത്തിനിറങ്ങിയ മധ്യവയസ്കനെ തെരുവുനായ് ആക്രമിച്ചു. ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ ജങ്ഷനിലെ കല്യാണകൃഷ്ണനെയാണ് തെരുവുനായ കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത്. പരിസരവാസികളും വാഹനയാത്രികരും ചേർന്നാണ് ഏറെ സാഹസപ്പെട്ട് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഉടൻ ശ്രീകൃഷ്ണപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വിദഗ്ധ ചികിത്സക്കായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ശ്രീകൃഷ്ണപുരം ആശുപത്രി ജങ്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ, പെരുമാങ്ങോട് എ.എൽ.പി സ്കൂൾ, വ്യാസവിദ്യാനികേതൻ സ്കൂൾ, കരിമ്പുഴ ജങ്ഷൻ, പഞ്ചായത്ത് ഓഫിസിന് സമീപം, കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്ര പരിസരം തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.