അക്ഷരം തെറ്റാതെ വിളിക്കാം... നബീല ടീച്ചർ
text_fieldsവിദ്യാർഥിക്ക് നബീല ടീച്ചറുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ സ്നേഹവീട്
ശ്രീകൃഷ്ണപുരം: തലചായ്ക്കാൻ ഒരിടമില്ലാതെ യതീംഖാനയിലും പള്ളി ദർസിലും കഴിഞ്ഞുവന്ന കുടുംബത്തിന് വീടൊരുക്കി നൽകി അധ്യാപിക. അഞ്ചാം ക്ലാസ് വിദ്യാർഥിക്കാണ് അധ്യാപിക കാരുണ്യഹസ്തവുമായെത്തി സ്നേഹവീട് നിർമിച്ചു നൽകിയത്. തിരുവിഴാംകുന്ന് എ.എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തുവന്ന നബീല ടീച്ചറാണ് തന്റെ വിദ്യാർഥിയുടെ ദുരിതജീവിതത്തിന് അറുതി വരുത്തിയത്.
പൊന്നാനി സ്വദേശിയായ വിദ്യാർഥിക്ക് ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ടു. ജീവിതം ദുരിതപൂർണമായി മുന്നോട്ട് പോവുന്നതിനിടെ നേരിയ ആശ്വാസമായി മുണ്ടൂരിലെ യതീംഖാനയിൽ ഉമ്മയും പെങ്ങളും അടങ്ങുന്ന കുടുംബത്തിന് താമസിക്കാൻ ഇടം ലഭിച്ചു. സ്ത്രീകൾ മാത്രമുള്ള അനാഥാലയത്തിൽ ആൺകുട്ടികൾക്ക് താമസിക്കാനാത്തത് വിനയായി. തുടർന്ന് വിദ്യാർഥിക്ക് കച്ചേരിപ്പടിയിലെ പള്ളി ദർസിൽ അഭയം ലഭിച്ചു.
അവിടെ നിന്നാണ് തിരുവിഴാംകുന്ന് എൽ.പി സ്കൂളിൽ പഠനം നടത്തിയത്. ഈ സമയത്ത് സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപികയായി എത്തിയതായിരുന്നു നബീല. തന്റെ വിദ്യാർഥിയുടെ ദുരിതജീവിതത്തോട് മുഖം തിരിക്കാൻ ടീച്ചറുടെ മനസ്സ് അനുവദിച്ചില്ല. വാട്സ് ആപ്പിൽ കുടുംബ ഗ്രൂപ്പുകളിലും സഹപാഠി ഗ്രൂപ്പുകളിലും സുഹൃത്ത് ഗ്രൂപ്പുകളിലും നബീല വിദ്യാർഥിയുടെ അവസ്ഥ പങ്കുവെച്ചു.
സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചതോടെ സഹായ ഹസ്തവുമായി നിരവധിപേർ മുന്നോട്ട് വന്നു. മുണ്ടൂർ യതീംഖാന കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ കുലിക്കിലിയാട് പ്ലാകൂടം സ്കൂളിന് സമീപം വാങ്ങി നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് എട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നിർമിച്ചു നൽകിയത്.
രണ്ട് മുറികൾ, ഹാൾ, അടുക്കള, ശൗചാലയം തുടങ്ങിയ സൗകര്യങ്ങൾ വീട്ടിലുണ്ട്. ഫർണിച്ചർ, പാത്രങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവയും ലഭ്യമാക്കി. വീടിന്റെ താക്കോൽദാനം ലളിതമായ ചടങ്ങിൽ നടന്നു. നിലവിൽ കൊട്ടോപ്പാടം ഹൈസ്കൂളിലാണ് വിദ്യാർഥി പഠിക്കുന്നത്. അമ്പത്തി മൂന്നാം മൈലിലെ പള്ളി ദർസിൽ താമസിച്ചാണ് പഠനം മുന്നോട്ട് കൊണ്ടുപോവുന്നത്.