അന്തർ സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
text_fieldsസുരേഷ് ഗഞ്ചു
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ വാക്കടപുറത്ത് അന്തർ സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. വാക്കടപ്പുറത്തെ പൈനാപ്പിൾ തോട്ടത്തിൽ ജോലിക്കെത്തിയ ഝാർഖണ്ഡ് ജാണ്ഡുവ സ്വദേശി അരവിന്ദ്കുമാർ (24) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്ന ഝാർഖണ്ഡ് സ്വദേശിയും കൂടെ ജോലി ചെയ്യുന്ന ആളുമായ സുരേഷ് ഗഞ്ചുവിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ പൊലീസ് ഇൻസ്പെക്ടർ ഹബീബുല്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് അരവിന്ദ് കുമാറിന് മദ്യ കുപ്പി കൊണ്ട് കഴുത്തിൽ കുത്തേറ്റത്. ഒപ്പം ജോലി ചെയ്യുന്ന സുരേഷ് കൃത്യമായി ജോലി ചെയ്യുന്നില്ലെന്ന് അരവിന്ദ് കുമാർ തോട്ടം ഉടമയെ അറിയിച്ചിരുന്നു.
ജോലി കുറവായതിനാൽ സുരേഷ് ഗഞ്ചുനെ തോട്ടം ഉടമ പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അരവിന്ദ് കുമാറും സുരേഷ് ഗഞ്ചുവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സുരേഷ് ഗഞ്ചു അരവിന്ദ് കുമാർ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ കുത്തുകയായിരുന്നു.
മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ എം. അജാസുദ്ദീൻ, എസ്.ഐ.ടി.വി ഋഷിപ്രസാദ്, എസ്.ഐ കെ.പി. സുരേഷ്, എ.എസ്.ഐ ശ്യാം കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വൈ. നസീം, കെ.സി. വിജയൻ, കെ. വിനോദ് കുമാർ, ആർ. ജയപ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.