വേനൽച്ചൂട്; ചിക്കൻ പോക്സ് പടരുന്നു
text_fieldsപാലക്കാട്: വേനൽച്ചൂട് കടുത്തതോടെ ചിക്കൻ പോക്സും പടരുന്നു. ജില്ലയിൽ ഏപ്രിൽ 19 വരെ 178 പേർക്കാണ് രോഗബാധ ഉണ്ടായത്. സംസ്ഥാനത്താകെ 1421 പേർക്കും രോഗം ബാധിച്ചു. ഈ വർഷം ഇതുവരെ 9969 പേർക്ക് രോഗബാധയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ആറ് മരണങ്ങളും സംഭവിച്ചു. വിദ്യാർഥികൾക്ക് കൂട്ടത്തോടെ രോഗബാധയുണ്ടായതോടെ പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ ഹോസ്റ്റലുകൾ കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു. വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ് ചിക്കൻ പോക്സ്. രോഗബാധിതനായ വ്യക്തിയുടെ ചുമ, തുമ്മൽ എന്നിവയിൽനിന്നും മറ്റുള്ളവരിലേക്ക് പകരാം. നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്തവരിലോ ചിക്കൻപോക്സ് വാക്സിൻ എടുക്കാത്തവരിലോ വളരെ എളുപ്പത്തിൽ പടരും.
വാരിസെല്ല-സോസ്റ്റർ എന്ന വൈറസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വൈറസ് ബാധിച്ച് 10 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടും. ഇത് കുറച്ചുദിവസം നീണ്ടുനിൽക്കും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണവും സുഖമില്ലെന്ന തോന്നലുമെല്ലാം അനുഭവപ്പെടാം.
പകർച്ചവ്യാധിയായതിനാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടണം. കഴിഞ്ഞമാസം 3090 പേർക്ക് സംസ്ഥാനത്താകെ ചിക്കൻ പോക്സ് സ്ഥിരീകരിച്ചിരുന്നു. വേനൽച്ചൂട് കനത്തതോടെ പകർച്ചവ്യാധികൾ പടരുന്നുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മഞ്ഞപിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.