ജില്ലയിൽ കൊയ്ത്ത് സജീവം; സപ്ലൈകോ നെല്ല് സംഭരണം അനിശ്ചിതത്വത്തിൽ
text_fieldsകുത്തനൂരിൽ കൊയ്തെടുത്ത നെല്ല് ഉണക്കുന്ന കർഷകർ
പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണം ഈ പ്രാവശ്യവും പാളി. നട്ടം തിരിഞ്ഞ് കർഷകർ. അധികൃതരുടെ മെല്ലെപോക്ക് നയവും ദീർഘവീക്ഷണമില്ലായ്മയും സംഭരണം ഈ പ്രാവശ്യവും അനിശ്ചിതത്വത്തിലാക്കിയതോടെ കൊയ്തെടുത്ത നെല്ല് എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ജില്ലയിലെ നെൽകർഷകർ. സപ്ലൈകോയുമായി ഇതുവരെയും കരാറിൽ എത്താൻ മില്ലുടമകൾ തയാറായിട്ടില്ല. കഴിഞ്ഞദിവസം മില്ലുടമകളുമായി മന്ത്രിതലത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. മന്ത്രിതല ചർച്ചക്കുമുമ്പ് സപ്ലൈകോ എം.ഡിയുമായി മില്ലുടമകൾ ചർച്ച നടത്തിയിരുന്നു.
ഇനി മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിലാണ് പ്രതീക്ഷ. മില്ലുടമകൾ സംഭരിക്കുന്ന നെല്ലിന്റെ ഔട്ട്ടേൺ റേഷ്യോയിലെ വ്യത്യാസം കാരണം 2023ലെ കൈകാര്യ ചെലവ്, എണ്ണാവുന്ന വിധം ചാക്ക് അട്ടിയിട്ടെന്ന പേരിൽ നിഷേധിച്ച 2024-25ലെ കൈകാര്യ ചിലവ് അനുവദിക്കുക, കൈകാര്യ ചെലവിന് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കുക തുടങ്ങി ആവശ്യങ്ങളാണ് മില്ലുടമകൾ ഉന്നയിക്കുന്നത്. എല്ലാ വർഷവും നെല്ല് സംഭരണം തുടങ്ങുന്ന സമയത്ത് മില്ലുടമകൾ സർക്കാറുമായി ഉടക്കുന്നത് പതിവാണ്.
ഇതോടെ നെല്ല് സംഭരണം നീളും. ഇത് വ്യക്തമായി മന്ത്രിമാർക്കും കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്കും അറിയാമായിരുന്നിട്ടും വളരെ നേരത്തെ തന്നെ ഇടപെട്ടില്ലെന്ന് കർഷകർക്ക് പരാതിയുണ്ട്. ജില്ലയിൽ എല്ലായിടത്തും കൊയ്ത്ത് സജീവമാണ്. മഴ തൽക്കാലം മാറി നിൽക്കുന്ന സാഹചര്യത്തിൽ വിളവെടുപ്പിന് പാകമായ വയലുകൾ പെട്ടെന്ന് കൊയ്തെടുക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
എന്നാൽ, കൊയ്തെടുത്ത നെല്ല് എവിടെ സൂക്ഷിക്കും എന്ന ആശങ്കയുണ്ട്. സംഭരണം നീളുന്ന സാഹചര്യത്തിൽ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ വല്ലാതെ പാടുപെടുകയാണ് കർഷകർ. സാഹചര്യം മുതലെടുത്ത് മില്ലുകാരുടെ ഏജൻറുമാർക്ക് സംഭരണ വിലയിലും കുറഞ്ഞ നിരക്കിൽ നെല്ല് കൊടുക്കാൻ നിർബന്ധിതരാവുന്ന സാഹചര്യമാണിപ്പോൾ.
മുൻവർഷങ്ങളിലും മന്ത്രിതല ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് മില്ലുടമകൾ സംഭരണത്തിന് തയാറായത്. തീരുമാനം അനുകൂലമായാലും കരാർ ഒപ്പിടൽ, പാടശേഖരങ്ങളുടെ അലോട്ട്മെൻറ്, ചാക്ക് നൽകൽ തുടങ്ങിയ വിഷയങ്ങളിൽ തുടങ്ങി കർഷകരുടെ പക്കിൽ നിന്ന് സംഭരണം തുടങ്ങാൻ പിന്നെയും ദിവസങ്ങൾ വേണ്ടിവരും.


