അണകെട്ടിയ ഇടതുവീര്യം
text_fieldsപാലക്കാട്: ഇടതു വിപ്ലവ വീര്യം അണകെട്ടി നിൽക്കുന്ന മണ്ണാണ് മലമ്പുഴ. ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, ടി. ശിവദാസമേനോൻ തുടങ്ങിയവരെ നിയമസഭയിലെത്തിച്ച് വി.ഐ.പി മണ്ഡലമെന്ന് ഖ്യാതി നേടിയ നാട്. മണ്ഡലം രൂപവത്കരിച്ച് 60 വർഷം തികഞ്ഞിട്ടും ഇതുവരെ സി.പി.എമ്മിൽ നിന്നല്ലാതെ എം.എൽ.എമാർ ഉണ്ടായിട്ടില്ലാത്ത ദേശം.
മലമ്പുഴ, അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലമ്പുഴ ഇനി ശ്രദ്ധയാകർഷിക്കാൻ പോകുന്നത് ‘പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി’ പദ്ധതിയുടെ പേരിലാണ്. യു.ഡി.എഫിനൊപ്പം ബി.ജെ.പിയും സി.പി.എമ്മിന്റെ മുഖ്യ എതിരാളിയായ ഇവിടെ 2016 മുതലുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. 1996ലെ തിരഞ്ഞെടുപ്പിൽ വെറും 5423 വോട്ടുകൾ മാത്രം ഉണ്ടായിരുന്ന ബി.ജെ.പി 2021ലെ തെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാറിലൂടെ നേടിയത് 50,200 വോട്ടുകളാണ്.
1965ലെ തിരഞ്ഞെടുപ്പിൽ ജയിച്ച എം.പി. കുഞ്ഞിരാമനാണ് ആദ്യ എംഎൽഎ. 1967ലും കുഞ്ഞിരാമൻ ജയിച്ചു. 1970ൽ വി. കൃഷ്ണദാസും 1977ൽ പി.വി. കുഞ്ഞിക്കണ്ണനും ഇവിടെനിന്ന് നിയമസഭയിലെത്തി. 1980ൽ ഇ.കെ. നായനാർ ജയിച്ച് മുഖ്യമന്ത്രിയായതോടെ മണ്ഡലത്തിലേക്ക് കേരളത്തിന്റെ ശ്രദ്ധ തിരിഞ്ഞു. 1982ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ നായനാർ പ്രതിപക്ഷ നേതാവായി. സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന ടി. ശിവദാസ മേനോൻ 1987ൽ കന്നിയങ്കത്തിൽ ജയിച്ച് വൈദ്യുതി മന്ത്രിയായി. 1991, 1996 വർഷങ്ങളിലും ശിവദാസമേനോൻ ജയിച്ചു. 1996ൽ ധനമന്ത്രിയായി. സ്വന്തം തട്ടകമായ മാരാരിക്കുളത്തെ അപ്രതീക്ഷിത പരാജയത്തിന് ശേഷം 2001ൽ മത്സരിക്കാൻ മലമ്പുഴയിലെത്തിയ വി.എസ്. അച്യുതാനന്ദൻ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപിച്ചു. കേരളമാകെ ചർച്ച ചെയ്ത പ്രതിപക്ഷ നേതാവായി വിഎസ് മാറിയത് അക്കാലത്താണ്. 2006ലെ തിരഞ്ഞെടുപ്പിൽ വി.എസിനെ ഒഴിവാക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിനെതിരായ പ്രതിഷേധങ്ങൾക്കൊടുവിൽ പൊളിറ്റ് ബ്യൂറോ ഇടപെട്ട് സീറ്റ് നൽകി. വീണ്ടും ജയിച്ച വി.എസ് മുഖ്യമന്ത്രിയുമായി. 2011ലും 2016ലും ജയിച്ച വി.എസിന്റെ നിഴൽപോലെ ഒപ്പമുണ്ടായിരുന്ന എ. പ്രഭാകരൻ 2021ൽ ജയിച്ച് എം.എൽ.എ ആയി. ബി.ജെ.പിയിലെ സി. കൃഷ്ണകുമാറിനെയാണ് അദ്ദേഹം തോൽപിച്ചത്.
ഇളകാത്ത കോട്ടയായ മലമ്പുഴയിൽ സി.പി.എം അൽപമെങ്കിലും വിറച്ചത് 2001ൽ മാത്രമാണ്. കോൺഗ്രസിന്റെ യുവനേതാവായ സതീശൻ പാച്ചേനി വി.എസിനോട് പരാജയപ്പെട്ടത് 4703 വോട്ടുകൾക്കു മാത്രമാണ്. എന്നാൽ, 2006ലെ തെരഞ്ഞെടുപ്പിൽ ഗതി വീണ്ടും മാറിമറിഞ്ഞു. 20,017 വോട്ടുകൾക്കാണ് അന്ന് സതീശനെ വി.എസ് തോൽപിച്ചത് . ഇടതുപക്ഷക്കൂറ് ഇത്തവണയും ആവർത്തിക്കുമെന്നു തന്നെയാണ് സി.പി.എം കരുതുന്നത്.
കോൺഗ്രസിലെ വി.കെ. ശ്രീകണ്ഠൻ വലിയ ഭൂരിപക്ഷത്തിൽ ജയിച്ച കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പോലും എൽ.ഡി.എഫിന് 6502 വോട്ടിന്റെ ലീഡുണ്ട്. മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്ത് കൈവിട്ട ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാവട്ടെ സി.പി.എം ലീഡ് വോട്ടുകൾ 21,652 ആയി ഉയരുകയും ചെയ്തു.
കോൺഗ്രസ് ഭരിച്ചിരുന്ന എലപ്പുള്ളി പഞ്ചായത്ത് പിടിച്ചെങ്കിലും അകത്തേത്തറ പഞ്ചായത്ത് ഭരണം ബി.ജെ.പിയിലെത്തിയത് സി.പി.എമ്മിന് നിരാശയുണ്ടാക്കിയിട്ടുണ്ട്. എന്നാലും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പ്രാദേശിക ഇളക്കം നിയമസഭയിൽ പ്രതിഫലിക്കില്ലെന്ന വിശ്വാസത്തിലാണ് സി.പി.എം. ഇത്രയും കാലം വിജയം മാത്രം നൽകിയ മണ്ഡലത്തിൽ വികസന നേട്ടങ്ങളുണ്ടാക്കിയെന്ന് അവകാശപ്പെടാൻ അവർക്കു കഴിയില്ലെന്നാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വാദം. റോഡ്, ശുദ്ധജലം തുടങ്ങി അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും മനുഷ്യ-വന്യജീവി സംഘർഷം തടയാനും പട്ടികവിഭാഗ ക്ഷേമത്തിനും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണശാലക്ക് അനുമതി നൽകിയതും സർക്കാറിനെതിരായ പ്രചാരണായുധമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ കണക്കു പ്രകാരം രണ്ടാമതാണെന്നത് യു.ഡി.എഫിന് ആശ്വാസം നൽകുന്നുണ്ട്. മരുതറോഡ് പഞ്ചായത്ത് പിടിച്ചെടുത്തത് ഉൾപ്പെടെ മണ്ഡലത്തിൽ അനുകൂല സാഹചര്യമുണ്ടെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
ആരാകും സ്ഥാനാർഥി
എൽ.ഡി.എഫിന് വേണ്ടി നിലവിലെ എം.എൽ.എ എ. പ്രഭാകരൻ തന്നെ മത്സരിക്കാനാണ് സാധ്യത. ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി, ജില്ല കമ്മിറ്റി അംഗം എസ്. സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെ പേരുകളും ഉയരുന്നുണ്ട്. വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറും പരിഗണിക്കുന്നവരിലുണ്ട്.
ബി.ജെ.പിയിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന്റേതല്ലാത്ത പേരുകൾ ഉയർന്നിട്ടില്ല.
കഴിഞ്ഞ തവണ മത്സരിച്ച ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ വിനോദ് ചെറാട്, ഗൗജ വിജയകുമാരൻ എന്നിവരാണ് യു.ഡി.എഫിന്റെ പരിഗണനയിലുള്ളത്. വി.എസിന്റെ പേഴ്സനൽ അസിസ്റ്റന്റായിരുന്ന എ. സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടെങ്കിലും കോൺഗ്രസിൽ വിയോജിപ്പ് സ്വരം ഉയരുന്നുണ്ട്.


