ബൈക്ക് മോഷണ കേസ്: മൂന്ന് പേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ഷൊർണൂർ: ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്നു പേരെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു.വല്ലപ്പുഴ വലിയപറമ്പ് മുഹമ്മദ് യൂനുസ് (28), നെല്ലായ പൊട്ടച്ചിറ വള്ളിക്കാട്ട്തൊടി ഷാഹുൽ ഹമീദ് (28), ഓങ്ങല്ലൂർ കാരക്കാട് കൊണ്ടൂർക്കര വരമംഗലത്ത് മുഹമ്മദ് ആഷിർ (29) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 25നാണ് മോഷണം നടന്നത്.കുളപ്പുള്ളി ബസ് സ്റ്റാൻഡിന് മുൻവശമുള്ള അണ്ടർ ഗ്രൗണ്ട് പാർക്കിങ് സ്ഥലത്തിന്റെ ഷട്ടറിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് മുഹമ്മദ് യൂനുസും ഷാഹുൽ ഹമീദും ചേർന്ന് ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നു. മുഹമ്മദ് ആഷിർ ബൈക്ക് വാങ്ങി പൊളിച്ച് വിൽക്കുകയായിരുന്നു.
ഷൊർണൂർ എസ്.എച്ച്.ഒ വി. രവികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ആർ. മോഹൻദാസ്, എസ്.സി.പി.ഒ സജീഷ് എന്നിവരും ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാറിന്റെ ക്രൈം സംഘവുമാണ് കേസന്വേഷിച്ചത്. പ്രതികൾ കൂടുതൽ വാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ടോയെന്നും പൊളിച്ച് വിറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.