മാരക ലഹരിയായ മെത്താഫെറ്റമിനുമായി മൂന്നുപേർ പിടിയിൽ
text_fieldsആൻസി, നൂറ തസ്നി, മുഹമ്മദ് സ്വാലിഹ്
മുണ്ടൂർ: 53.950 ഗ്രാം മെത്താഫെറ്റമിനുമായി കാറിൽ സഞ്ചരിച്ചിരുന്ന മൂന്നംഗ സംഘം കോങ്ങാട് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കെ.വി. ആൻസി (30), മലപ്പുറം മൂന്നിയൂർ തിരൂരങ്ങാടി നൂറ തസ്നി (23), മൂന്നിയൂർ വെളിമുക്ക് ചേറക്കോട് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് പിടിയിലായത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മുണ്ടൂരിന് സമീപം പൊരിയാനിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തത്. ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് പരിശോധന.
പാലക്കാട് ജില്ല പൊലീസ് മേധാവി അജിത്ത്കുമാറിന്റെ നിർദേശപ്രകാരം ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും കോങ്ങാട് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ആൻസിയുടെ കൈവശമാണ് മയക്കുമരുന്നുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൂടെയുള്ള രണ്ടുപേർ മയക്കുമരുന്ന് വാങ്ങിക്കാൻ വന്നവരാണെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി. ബംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്.
2024ൽ പാലക്കാട് സൗത്ത് പൊലീസ് ആൻസിയെ എം.ഡി.എം.എമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും പ്രതി ലഹരിക്കടത്ത് തുടരുകയായിരുന്നു. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ പ്രതികളുടെ കൂടുതൽ ഇടപാടുകൾ പൊലീസ് പരിശോധിച്ചതിലും, ജി.പേ, ഫോൺ പേ, ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ചതിലും പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആൻസിയോടൊപ്പമുള്ളവരും പൊലീസ് വലയിലായതെന്ന് പൊലീസ് പറഞ്ഞു.
മണ്ണാർക്കാട് ഡിവൈ.എസ്.പി സന്തോഷ് കുമാർ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, കോങ്ങാട് ഇൻസ്പെക്ടർ ആർ. സുജിത് കുമാർ, എസ്.ഐ വി. വിവേക്, എ.എസ്.ഐമാരായ സജീഷ്, പ്രശാന്ത്, ജെയിംസ്, ഷീബ, എസ്.സി.പി.ഒമാരായ സാജിദ്, സുനിൽ, പ്രസാദ്, സി.പി.ഒമാരായ ആർ. ധന്യ, വി.വി. ധന്യ, എ. സൈഫുദ്ദീൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനക്കും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.