മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്കേറ്റു
text_fieldsഒറ്റപ്പാലം കയറമ്പാറയിലുണ്ടായ വാഹനാപകടത്തിൽ മറിഞ്ഞ ഇന്നോവ കാർ
ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിലെ കയറമ്പാറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മറിഞ്ഞു. ഇന്നോവ കാറിലെ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് 2.45ഓടെയാണ് അപകടം.
ഇന്നോവ കാറിലുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളായ ഉമ്മുകുൽസു, മസൂറ, ആദിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറിൽ പട്ടാമ്പിയിൽ നിന്ന് ലക്കിടി മിത്രാനന്തപുരത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിലാണ് ഇന്നോവ കാർ മറിഞ്ഞത്. ഇതേസമയം മറിഞ്ഞ കാറിൽ പിറകെ വന്ന മറ്റൊരു കാറും ഇടിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അപകടത്തിൽപെട്ട മൂന്ന് കാറുകൾക്കും സാരമായ കേടുപാടുകളുണ്ട്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. ഹൈവേ പട്രോളിങ് സംഘമെത്തിയാണ് വാഹന ഗതാഗതം നിയന്ത്രിച്ചത്.


