വീട്ടില്‍ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
text_fieldsചിറ്റപുറത്ത് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച വീടിന്റെ ഉള്‍വശം
തൃത്താല: വീട്ടില്‍ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ ഉൾപ്പടെ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 60 ശതമാനം പൊള്ളലേറ്റ ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.
തൃത്താല ചിറ്റപ്പുറത്ത് വാടകക്ക് താമസിക്കുന്ന മലപ്പുറം ആലങ്കോട് സ്വദേശി അമയിൽ വീട്ടിൽ അബ്ദുറസാഖ്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവ സമയത്ത് റസാഖിന്റെ ഉമ്മയും മകൾ ജിൻഷീനയും വീട്ടിൽ ഉണ്ടായിരുന്നങ്കിലും ഇരുവരും പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു. വീടിനകത്തും മറ്റും തീപടര്‍ന്നു. പട്ടാമ്പി ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോര്‍ച്ച തടയാന്‍ ഫയർഫോഴ്സ് നടപടി സ്വീകരിച്ചു. തൃത്താല പൊലീസ് സ്ഥലത്തെത്തിയിരുന്നു. അപകട കാരണം വ്യക്തമല്ല.


